ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്‍റെ പേര് വലിച്ചിഴക്കരുതെന്ന് പ്രിയങ്കാ ഗാന്ധി. വ്യാഴാഴ്ച നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം ചില നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, ശശി തരൂര്‍ എന്നിവരാണ് പ്രിയങ്കയെ പ്രസിഡന്‍റ്  സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നവരില്‍ പ്രമുഖര്‍.

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷിക പരിപാടികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇല്ലെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയത്. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് ആര്‍പിഎന്‍ സിംഗ്, പ്രിയങ്കാ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാന്‍ മുന്നോട്ടുവരണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് തന്‍റെ പേര് വലിച്ചിഴക്കരുതെന്ന് പ്രിയങ്ക ആവശ്യപ്പെട്ടത്. 

നെഹ്റു കുടുംബത്തില്‍നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരെയും പരിഗണിക്കരുതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെയും ആവശ്യം. സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.