Asianet News MalayalamAsianet News Malayalam

നാളത്തെ കുറിച്ച് അറിയില്ല, ഇന്നത്തെക്കുറിച്ച് പേടിക്കാനൊന്നുമില്ല: ജമ്മു കശ്മീര്‍ ഗവര്‍ണര്‍

''അവര്‍ തൃപ്തരായാണ് മടങ്ങിയത്. എന്നില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചത് ഞാന്‍ ചെയ്തു. എന്‍റെ അറിവുവച്ച്, ജമ്മു കശ്മീരില്‍ എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ നാളെയെ കുറിച്ച് അറിയില്ല. അത് എന്‍റെ കയ്യിലല്ല. എന്നാല്‍ ഇന്ന് ഒന്നും ഭയക്കേണ്ടതില്ല'' - സത്യപാല്‍ മാലിക് പറഞ്ഞു. 

Don't Know About Tomorrow But Nothing To Worry About Today says j&K governor Sathyapal Malik
Author
Srinagar, First Published Aug 4, 2019, 9:49 AM IST

ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവിയെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി പറയാനാകില്ലെന്നും എന്നാല്‍ നിലവില്‍ ഭയപ്പെടാനില്ലെന്നും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി എടുത്തുകളായന്‍ പദ്ധതി രൂപീകരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

''അവര്‍ തൃപ്തരായാണ് മടങ്ങിയത്. എന്നില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചത് ഞാന്‍ ചെയ്തു. എന്‍റെ അറിവുവച്ച്, ജമ്മു കശ്മീരില്‍ എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ നാളെയെ കുറിച്ച് അറിയില്ല. അത് എന്‍റെ കയ്യിലല്ല. എന്നാല്‍ ഇന്ന് ഒന്നും ഭയക്കേണ്ടതില്ല'' - സത്യപാല്‍ മാലിക് പറഞ്ഞു. 

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഒമര്‍ അബ്ദുള്ള ഗവര്‍ണറെ കണ്ടത്. വളരെക്കാലമായി ബിജെപി മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ് ഇത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങ‍ള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ഒരു രാജ്യത്ത് പലതരം ഭരണഘടന വേണ്ടെന്നുമുള്ള അഭ്യന്തര മന്ത്രി അമിത്ഷായുടെ ലോക്സഭയിലെ പ്രസ്താവനയും ഈ അഭ്യൂഹത്തെ ശക്തിപ്പെടുത്തുന്നതാണ്.  

അതേസമയം ആര്‍ട്ടിക്കിള്‍ 370 ഓ ആര്‍ട്ടിക്കിള്‍ 35എ യോ ഒഴിവാക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമര്‍ അബ്‍ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. ''ജമ്മു കശ്മീരില്‍ ഗവര്‍ണറല്ല അവസാനവാക്ക്, ഇന്ത്യന്‍ സര്‍ക്കാരാണ്. അതിനാല്‍ നമുക്ക് പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാം ''  - ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ജമ്മു കശ്മീരില്‍ ഏതാനും ദിവസങ്ങളായി സൈനിക വിന്യാസം ശക്തമാക്കിയതിനെക്കുറിച്ചുള്ള ആശങ്കയും ഒമര്‍ അബ്ദുള്ള കൂടിക്കാഴ്ചയില്‍ ഗവര്‍ണറുമായി പങ്കുവച്ചു. 

35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടത്.

അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയാണ് അസാധാരണമായ ഉത്തരവ്  പുറത്തു വന്നത്. ആക്രമണം നടത്താന്‍ ഭീകരര്‍ സൂക്ഷിച്ചിരുന്ന എം 24  സ്നൈപ്പര്‍ ഗണും പാകിസ്ഥാന്‍ നിര്‍മ്മിത മൈനുകളും ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു.

എന്താണ് കശ്മീരിൽ സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു. ജനങ്ങളെ പെട്രോൾ പമ്പിലോ, എടിഎമ്മിലോ പോകാൻ പോലും അനുവദിക്കുന്നില്ല. ഇതേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉടനെയുണ്ടാവും എന്ന അഭ്യൂഹം സംസ്ഥാനത്ത് വളരെ ശക്തമാണ്. സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള സാധാരണ സുരക്ഷാ നടപടികളാണ് ഇതെന്നും അതല്ല നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സൈനികവിന്യാസമാണെന്നും പലരും കരുതുന്നു. 

Follow Us:
Download App:
  • android
  • ios