വാഷിംഗ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അമേരിക്കയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശന വേളയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നിഷ്പക്ഷതയാണ് ഇന്ത്യയുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ പ്രചാരകനാകുകയാണ് മോദിയെന്ന വിമര്‍ശനത്തെയും ജയശങ്കര്‍ എതിര്‍ത്തു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല പ്രധാനമന്ത്രി അങ്ങനെ പറഞ്ഞത്. കഴിഞ്ഞ കാലത്തെ സംഭവ വികാസങ്ങളെ ഉദ്ദേശിച്ചാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നും ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ മാധ്യമപ്രവര്‍ത്തര്‍ വളച്ചൊടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡോണള്‍ഡ് ട്രംപിന് അനുകൂലമായി മോദിയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മറ്റൊരു രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇന്ത്യ ഭാഗമാകില്ലെന്ന് വിദേശ നയമാണ് മോദി തെറ്റിച്ചതെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തി.