ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയി പ്രഖ്യാപനത്തിന് തൊട്ടടുത്ത് എത്തിയ സമയത്ത് ജമ്മുകശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടവുമായി ഡൊണാള്‍ഡ് ട്രംപിന്‍റെ മകന്‍.  ട്രംപിന്‍റെ വിജയത്തിന് പിന്നാലെ ലോകത്തിന്‍റെ ഭൂപടമുണ്ടാകുക ഇങ്ങനെയാണെന്ന വിശദീകരണവുമായി  മകന്‍ ട്വീറ്റ് ചെയ്ത ചിത്രത്തിലാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചിരിക്കുന്നത്. കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ട്വീറ്റ് ചെയ്തത്. 

ഇന്ത്യയും ചൈനയും ഒഴികെയുള്ള ലോക രാജ്യങ്ങള്‍ എല്ലാം തന്നെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ നിറത്തിലാണുള്ളത്. ചൈനയും ഇന്ത്യയും മാത്രമാണ് ഡെമോക്രാറ്റുകളെ പ്രതിനിധീകരിക്കുന്ന നീല നിറത്തിലുള്ളത്. ഇതില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായാണ് കാണിച്ചിരിക്കുന്നതും. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സമയത്താണ് ഈ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. 

കൊവിഡ് മഹാമാരിയുടെ കാരണക്കാര്‍ ചൈനയാണെന്ന് നേരത്തെ ട്രംപ് വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ശ്രീലങ്ക മാത്രമാണ് ഡെമോക്രാറ്റുകളുടെ നീല നിറത്തിലുള്ളത്. നവംബര്‍ മൂന്നിന് ട്വീറ്റ് ചെയ്ത് ഈ തെറ്റായ ഭൂപടം ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടിട്ടുള്ളത്.