ദാവോസ്: കശ്മീർ വിഷയത്തിൽ ഇടപെടാമെന്ന വാഗ്ദാനവുമായി വീണ്ടും ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക ഇക്കണോമിക് ഫോറത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. കശ്മീരിലെ സ്ഥിതിഗതികൾ ശ്രദ്ധാപൂർവം നിരീക്ഷിച്ച് വരികയാണെന്നും ട്രംപ് പറഞ്ഞു.

കശ്മീർ വിഷയത്തിൽ ഇടപെടൽ ആവശ്യമില്ലെന്ന ഇന്ത്യയുടെ ആവർത്തിച്ചുള്ള നിലപാടുകൾക്കിടെയാണ് ഇടപെടാൻ തയ്യാറാണെന്ന സൂചനയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കശ്മീർ വിഷയം ചർച്ച ചെയ്തെന്ന് ട്രംപ് വ്യക്തമാക്കി. സ്ഥിതിഗതികൾ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കിൽ ഇടപെടാൻ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, അഫ്ഗാനിസ്ഥാൻ പോലുള്ള വിഷയങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ പാക് പ്രധാനമന്ത്രി സമാനമായ സാഹചര്യമാണ് ഇന്ത്യയിലുമെന്ന് സൂചിപ്പിച്ചു. അമേരിക്കയ്ക്ക് മാത്രമേ കശ്മീർ വിഷയത്തിൽ ഇടപെടാനാകൂ എന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

ഇന്ത്യ ആവർത്തിച്ച് നിരാകരിച്ചിട്ടും ഇത് നാലാം തവണയാണ് കശ്മീരിൽ ഇടപെടാൻ തയ്യാറാണെന്ന നിലപാട് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നത്. നേരത്തെ സെപ്തംബറിൽ, യുഎൻ ജനറൽ അസംബ്ലിക്കിടെ ട്രംപ് സമാന നിലപാട് പങ്കുവച്ചിരുന്നു. കശ്മീർ ആഭ്യന്തര പ്രശ്നമാണെന്നായിരുന്നു മുമ്പെന്നത്തേയും പോലെ ഇന്ത്യയുടെ മറുപടി. ആഴ്ചകൾക്കുള്ളിൽ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ട്രംപ് കശ്മീരിൽ ഇടപെടാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.