ദില്ലി: ഇപ്പോഴും ബിജെപിക്ക് ലഭിക്കുന്ന സംഭാവനകളിൽ നിന്ന് ബഹുദൂരം പിന്നിലാണെങ്കിലും കോൺഗ്രസിന്റെ സംഭാവനകളിൽ അഞ്ച് മടങ്ങ് വർധന രേഖപ്പെടുത്തി. 2018-19 വർഷത്തിൽ 146 കോടി രൂപയാണ് കോൺഗ്രസ് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത്. തൊട്ടുമുൻപത്തെ വർഷം വെറും 26 കോടി മാത്രമായിരുന്നു സംഭാവനയായി ലഭിച്ചിരുന്നത്.

ആഗസ്റ്റ് മാസത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച പാർട്ടിയുടെ വരവ് ചിലവ് കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ടറൽ ബോണ്ടിൽ നിന്ന് ഒരു രൂപ പോലും കിട്ടിയിട്ടില്ല. അതേസമയം ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് 98 കോടി രൂപയാണ് ലഭിച്ചത്.

ടാറ്റാ ഗ്രൂപ്പിന്റെ പിന്തുണയിലുള്ള പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റാണ് 55 കോടി നൽകിയത്. ഭാരതി എയർടെൽ ഗ്രൂപ്പും ഡിഎൽഎഫും നേതൃത്വം നൽകുന്ന പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ് 39 കോടിയാണ് നൽകിയത്. ആദിത്യ ബിർള ഗ്രൂപ്പും സമാജും രണ്ട് കോടി വീതം നൽകി.

 പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ് തൊട്ടുമുൻപത്തെ വർഷം ബിജെപിക്ക് 144 കോടിയും കോൺഗ്രസിന് 10 കോടിയുമാണ് നൽകിയിരുന്നത്. വ്യക്തിപരമായ സംഭാവനകളിൽ ഉയർന്ന തുക നൽകിയത് ബെംഗളുരുവിലെ ഫൗസിയ ഖാനാണ്. 4.4 കോടിയാണ് സംഭാവന. എച്ച്എ ഇഖ്ബാൽ ഹുസൈൻ എന്ന വ്യക്തി മൂന്ന് കോടി നൽകി. ജോസഫ് മാർട്ടിൻ പിന്റോ എന്നയാൾ ഒരു കോടിയാണ് സംഭാവന നൽകിയത്.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പാർട്ടി ഫണ്ടിലേക്ക് 54000 രൂപയാണ് സംഭാവന ചെയ്തത്. കപിൽ സിബൽ രണ്ട് ലക്ഷവും പവൻ ബൻസൽ, മനീഷ് തിവാരി എന്നിവർ 35000 വീതവും നൽകി. നവ്ജോത് സിംഗ് സിദ്ധുവും ഭാര്യയും 35000 വീതം നൽകി.

മണിപാൽ ഗ്രൂപ്പിന്റെ ടിവി മോഹൻദാസ് പൈ 35 ലക്ഷം നൽകി. മിക്ക കോർപ്പറേറ്റ് കമ്പനികളും കോൺഗ്രസിന് ഫണ്ട് ചെയ്യുന്നത് നിർത്തിയെങ്കിലും ചിലർ ഇപ്പോഴും സംഭാവനകൾ നൽകുന്നുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോർ അൽകോബ്ര്യൂ ഏഴ് കോടിയും എച്ച്ഇജി ആന്റ് നിർമ ഗ്രൂപ്പ് 2.5 കോടിയും അപർണ ഇൻഫ്രാസ്ട്രക്ചർ ഹൗസിംഗ് ലിമിറ്റഡ് ഒരു കോടിയും സംഭാവന നൽകിയവരുടെ പട്ടികയിലുണ്ട്.

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയാണ് കണക്ക് സമർപ്പിച്ച മറ്റൊരു രാഷ്ട്രീയ കക്ഷി. എന്നാൽ 20000 രൂപയിൽ കൂടുതൽ ആരും സംഭാവന നൽകിയിട്ടില്ലെന്നാണ് ഇവർ സമർപ്പിച്ച രേഖയിൽ പറയുന്നത്. 

ബിജെപിക്ക് 2017-18 സാമ്പത്തിക വർഷത്തിൽ 1027 കോടിയാണ് സംഭാവന ലഭിച്ചതെന്ന് കണക്കുകൾ പറയുന്നു. ഇതിൽ 758 കോടി ചിലവഴിച്ചു. 945 ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനകളും ബിജെപിക്കാണ് ലഭിച്ചത്.