ചികിത്സാ സഹായം അത്യാവശ്യമായി വേണ്ടവരാണെങ്കില്‍ മാനുഷിക പരിഗണന നല്‍കാമെന്നും ആധാറില്‍ പേരു ചേര്‍ക്കുന്ന നടപടി ഉടന്‍ നിര്‍ത്തണമെന്നുംആധാര്‍ നല്‍കുന്നത് സംബന്ധിയായ ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം വിശദമാക്കുന്നു

മണിപ്പൂര്‍: സൈന്യത്തിന്‍റെ നരനായാട്ട് ഭയന്ന് രാജ്യം വിട്ടോടി വരുന്നവര്‍ക്ക് ഭക്ഷണമോ, അഭയ സ്ഥാനമോ, ക്യാംപോ ഒരുക്കരുതെന്ന നിര്‍ദ്ദേശവുമായി മണിപ്പൂര്‍ സര്‍ക്കാര്‍. ജില്ലാ അധികാരികളോ പൊതു സംഘടനകളോ ഇത്തരം അഭയസ്ഥാനമൊരുക്കാതെ തിരികെ അയക്കണമെന്നാണ് നിര്‍ദ്ദേശം. ചികിത്സാ സഹായം അത്യാവശ്യമായി വേണ്ടവരാണെങ്കില്‍ മാനുഷിക പരിഗണന നല്‍കാമെന്നും നിര്‍ദ്ദേശം വ്യക്തമാക്കുന്നു. മണിപ്പൂര്‍ സ്പെഷ്യല്‍ സെക്രട്ടറി എം ഗ്യാന്‍ പ്രകാശാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ചന്ദേല്‍, തെംഗ്നോപല്‍, കംജോംഗ്, ഉഖ്റുള്‍ എന്നിവിടങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് അയച്ച കത്തില്‍ ആധാറില്‍ പേരു ചേര്‍ക്കുന്ന നടപടി ഉടന്‍ നിര്‍ത്തണമെന്നുംആധാര്‍ നല്‍കുന്നത് സംബന്ധിയായ ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. മാര്‍ച്ച് 30നകം എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും സ്പെഷ്യല്‍ സെക്രട്ടറി എം ഗ്യാന്‍ പ്രകാശ് വിശദമാക്കുന്നു.നേരത്തെ മിസോറാം സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റഎ ഇടപെടലോടെ നിര്‍ദ്ദേശം പിന്‍വലിച്ചിരുന്നു.

മ്യാൻമറിൽ ജനകീയ പ്രക്ഷോഭത്തിന് നേരെ നടന്ന സൈന്യത്തിന്‍റെ നരനായാട്ടില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്ക്കണമെന്ന സൈനിക മേധാവിയുടെ നിർദേശം സൈന്യം അണുവിട തെറ്റാതെയാണ് പാലിച്ചത്. സൈനിക ദിനാചരണത്തിനിടെയായിരുന്നു കുഞ്ഞുങ്ങളെന്നുപോലും നോക്കാതെ കഴിഞ്ഞ ദിവസം കൂട്ടക്കുരുതി നടന്നത്. ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം തുടങ്ങിയ ജനകീയ പ്രക്ഷോഭത്തിൽ തോക്കിൻ മുമ്പിൽ പൊലിഞ്ഞത് 400 ലേറെ ജീവനുകളാണ്.

മാൻഡലെയിൽ 29 പേരും യാങ്കൂണിൽ 24 പേരും കൊല്ലപ്പെട്ടന്നാണ് മ്യാന്മർ നൗ വാർത്താ ചാനൽ പുറത്തുവിട്ട വിവരം. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി. യൂറോപ്യൻ യൂണിയനും യുഎസും മ്യാന്മറിന് നേരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റഷ്യയുടേയും ചൈനയുടേയും പിന്തുണയുടെ കരുത്തിലാണ് സൈന്യത്തിന്‍റെ പ്രക്ഷോഭവേട്ട.