മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിൽ വിമർശനവുമായി ഒരു വിഭാഗം
ദില്ലി: മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിൽ വിമർശനവുമായി ഒരു വിഭാഗം. കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു ഡോർസിയുടെ വെളിപ്പെടുത്തൽ. വിവാദത്തിന് മറ്റൊരു രാഷ്ട്രീയ മുഖം നൽകുകയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ പങ്കുവയ്ക്കുന്ന കുറിപ്പുകൾ. 'എന്തുകൊണ്ടാണ് ജാക്ക് ഇത്രയും മാസങ്ങൾ ഒന്നും പറയാതിരുന്നത്? രാഹുൽ ഗാന്ധി യുഎസ് സന്ദർശിച്ചതിന് ശേഷം എന്തിനാണ് ഈ ഇന്ത്യാ വിരുദ്ധ പരിഹാസം?, അവരുടെ ഗുഢമായ കൂടിക്കാഴ്ചയിൽ എന്താണ് സംഭവിച്ചത്? ഇത് കോൺഗ്രസിന് തന്നെ തിരിച്ചടിയാകും' - എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇത്തരത്തിൽ രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനത്തിന് ശേഷമാണ് ഡോർസിയുടെ വെളിപ്പെടുത്തലെന്നും അത് സംശയാസ്പദമാണെന്നും നിരവധി പേർ കമന്റ് ചെയ്യുന്നു. 'രാഹുൽ ഗാന്ധി ടൈംപാസ് ചെയ്യാനല്ല യുഎസിൽ പോയത്. കഴിഞ്ഞ 6-7 ദിവസമായി അദ്ദേഹത്തെ കാണാനില്ലായിരുന്നു, കൂടാതെ വൈറ്റ് ഹൗസിലും മറ്റ് ഇന്ത്യ വിരുദ്ധ ഘടകങ്ങളിലും അദ്ദേഹം രഹസ്യ യോഗങ്ങൾ നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്'- എന്നായിരുന്നു മറ്റൊരാളുടെ ആരോപണം. ഇത്തരം ആരോപണങ്ങളും ഗൂഢാലോചനകളും ഇനിയും ഉയർന്നുവരാമെന്നും അതിനെല്ലാം മോദി സർക്കാർ തയ്യാറാകേണ്ടതുണ്ടെന്നുമായിരുന്നു മറ്റൊരു കമന്റ്. ഇത്തരത്തിൽ ഔദ്യോഗികമായി പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. ഇത്തരം ആരോപണങ്ങളെല്ലാം കെട്ടുകഥകളാണെന്നാണ് ആരോപണങ്ങളെ പ്രതിരോധിച്ചുള്ള കമന്റുകൾ.
ജാക്ക് ഡോർസിയുടെ വാദം കേന്ദ്രം നേരത്തെ തള്ളിയിരുന്നു. ഡോർസിയുടെ വാദങ്ങൾ സമ്പൂർണ്ണമായ നുണയാണെന്നായിരുന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ട്വിറ്ററിന്‍റെ ചരിത്രത്തിലെ സംശയാസ്പദമായ സമയം ആണ് ഡോർസിയുടെ കാലം. ഡോർസിയും സംഘവും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കുന്നതിൽ ഡോർസിക്ക് പ്രയാസമുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ട്വിറ്റർ ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുകയും ചെയ്തുവെന്നുമാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തില്‍ ജാക്ക് ഡോർസി വെളിപ്പെടുത്തിയത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇതിൻ്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

