പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാറിനും എതിരായ പ്രചാരണങ്ങളെ കുറിച്ചും ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല എഴുതിയ ലേഖനം
ഇന്ത്യൻ നാഷണൽ കോൺഗ്രസും അതിന്റെ കിരീടാവകാശിയായി കണക്കാക്കുന്ന രാഹുൽ ഗാന്ധിയും ഉൾപ്പെടുന്ന കുടുംബാധിപത്യ രാഷ്ട്രീയത്തെ ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞത് മുതൽ, ഇന്ത്യൻ ജനാധിപത്യത്തെ മാത്രമല്ല, സാധ്യമായ എല്ലായിടത്തും ഇന്ത്യയുടെ പേര് അപകീർത്തിപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തുന്ന ഒരു രാഷ്ട്രീയ സംഘം ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യയിൽ ഒരു ചൂഷക സംവിധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന അന്തർദേശീയ സംഘടനകൾ ഇത്തരം പ്രചരണങ്ങൾക്ക് ആക്കം കൂട്ടുന്നത് സ്വാഭാവികമാണ്.
ജോർജ്ജ് സോറോസിനെപ്പോലുള്ള ടൂൾകിറ്റ് സംഘങ്ങൾ പ്രചരിപ്പിക്കുന്നതും അതാണ്. ഇന്ത്യയിൽ ജനാധിപത്യം അവസാനിച്ചു, ഭരണഘടനാ സ്ഥാപനങ്ങൾ ഇല്ലാതാകുന്നു, മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കി. ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് എന്നിവ എല്ലാം സ്തംഭിച്ചു തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതം കാണിക്കുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ വഴിയാണ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ കളിസ്ഥലമായി ഇന്ത്യ മാറിയിരിക്കുന്നു എന്നതടക്കം സാങ്കൽപ്പികവും ഭാവനയിൽ വിരിയുന്നതുമായ ആരോപണ പട്ടിക നീണ്ടതാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി ബ്രിട്ടനിൽ പര്യടനം നടത്തിയിരുന്നു. ബ്രിട്ടനെയും യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെയും ജനാധിപത്യത്തിന്റെ കാവൽക്കാരായി വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി അവരുടെ ഇടപെടൽ ആവശ്യപ്പെട്ടു. സമീപകാല യുഎസ് പര്യടനത്തിൽ, ഇന്ത്യയ്‌ക്കും ഭാരതീയതയ്‌ക്കുമെതിരെ നടക്കുന്ന പ്രചാരണം വേഗത്തിലാക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. ബിജെപിയുടെയും ആർഎസ്എസിന്റെയും ഭാഗമായ ഫാസിസ്റ്റുകളെ വിവിധ ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളിൽ ഇരുത്തി, ജനാധിപത്യ പ്രക്രിയ അനുദിനം കൊലചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാക് ലോബി യുഎസിൽ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ തുടങ്ങിയപ്പോഴും രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ തലക്കെട്ടുകളിൽ ഇടം നേടി. രാഹുൽ ഗാന്ധി നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ ഉപയോഗിച്ചു. സ്വാഭാവികമായും പാകിസ്ഥാൻ വംശജയായ അമേരിക്കൻ പത്രപ്രവർത്തക അസ്മ ഖാലിദ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ തകർച്ചയെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥരോട് ചോദ്യങ്ങൾ ഉന്നയിച്ചു. ഈ ചോദ്യത്തിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയുടെ പ്രസ്താവന മുഖവിലയ്ക്കെടുത്ത് ഇന്ത്യക്കെതിരെ പ്രതികരിച്ചാൽ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ പ്രതികൂലമായി ബാധിക്കാം എന്നതായിരുന്നു അത്.
എന്നാൽ ഈ പ്രതീക്ഷകൾ എല്ലാം തകർന്നു. വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോ-ഓർഡിനേറ്റർ ജോൺ കിർബി അവളുടെ ഉദ്ദേശ്യങ്ങളെല്ലാം തകർത്തു. രാഹുൽ ഗാന്ധിയുടെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനുള്ള അടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യ ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യമാണെന്ന് കിർബി പറഞ്ഞു. നിങ്ങൾക്കറിയാമോ, ദില്ലിയിലേക്ക് പോകുന്ന ആർക്കും അത് നേരിട്ട് കാണാൻ കഴിയും. ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയും ആരോഗ്യവും ചർച്ചയുടെ ഭാഗമാകണമെന്ന് തന്നെ ഞാൻ കരുതുന്നു. അത് തുടരുകയും വേണം. ലോകമെമ്പാടുമുള്ള ആരുമായും ആശങ്കകൾ പങ്കുവയ്ക്കാനും പ്രകടിപ്പിക്കാനും നിങ്ങൾ മടിക്കുകയും അരുത്. എന്നാൽ ഈ രാജ്യ സന്ദർശനം ഇപ്പോഴുള്ള ആഴമേറിയതും ശക്തവുമായി പങ്കാളിത്തവും സൌഹൃദവും മുന്നോട്ടുകൊണ്ടുപേകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ജോ ബൈഡൻ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും കിർബി പറഞ്ഞു.
ഇന്ത്യയോടും അതിന്റെ പ്രധാനമന്ത്രിയോടും ആദരവ് കാണിക്കുന്നവരിൽ ജോൺ കിർബി ഒറ്റയ്ക്കല്ല. സമാന നിലപാടുകളുള്ള ധാരാളം യുഎസ് ഉദ്യോഗസ്ഥർ വേറേയും ഉണ്ട്. അവരുടെ പ്രസ്താവനകൾ സോറോസ് സംഘത്തിന്റെ അജണ്ടയെ വ്രണപ്പെടുത്തുന്നതാണ്. നരേന്ദ്ര മോദിയുടെ സന്ദർശനം സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തം അമേരിക്കയുടെ ഏറ്റവും വലിയ ബന്ധങ്ങളിലൊന്നാണെന്ന് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. സമ്പദ്‌വ്യവസ്ഥ, വ്യാപാരം, സുരക്ഷ എന്നീ മേഖലകളിൽ അമേരിക്ക-ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, ഇന്ത്യയുടെ ഭാവിയെക്കുറിച്ചും ഇരുരാജ്യങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മോദിയുടെ പ്രസംഗം വെളിച്ചം വീശുമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ എംപിമാരും പ്രധാനമന്ത്രിക്ക് കത്തെയച്ചിട്ടുണ്ട്. ജൂൺ 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സെനറ്റിൽ സംസാരിക്കും, കൂടാതെ അദ്ദേഹം ജനപ്രതിനിധികളെ അഭിസംബോധന ചെയ്യും. യുഎസിൽ ഒരു വിദേശ അതിഥിക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്.
2014 -ൽ അധികാരമേറ്റതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്. ഗുജറാത്ത് കലാപം ചൂണ്ടിക്കാട്ടി നരേന്ദ്രമോദിയുടെ യുഎസ് വിസ നഷ്ടപ്പെടുത്താൻ കോൺഗ്രസും മതേതരവാദികൾ എന്ന് വിളിക്കപ്പെടുന്നവരും ഗൂഢാലോചന നടത്തി. 2014 -ലെ തെരഞ്ഞെടുപ്പിൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള ഈ 'മതേതര' പാർട്ടികളെല്ലാം, വിദേശകാര്യങ്ങളിൽ നരേന്ദ്ര മോദിയുടെ അനുഭവവും അറിവും നിസാരമാണെന്ന് വാദിച്ചിരുന്നു. യുഎസ് വിസയില്ലാതെ അന്താരാഷ്ട്ര ഫോറത്തിൽ മോദിക്ക് എങ്ങനെ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിയുമെന്ന് അവർ 'ആശങ്കപ്പെട്ടു'. ഇന്ന് അമേരിക്ക മോദിക്ക് ചുവപ്പ് പരവതാനി വിരിക്കുമ്പോൾ കോൺഗ്രസും കൂട്ടരും അസൂയ പൂണ്ടിരിക്കുകയാണ്.
മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമയെയും ഡൊണാൾഡ് ട്രംപിനെയും പോലെ പ്രസിഡന്റ് ജോ ബൈഡനും മോദി ആരാധകനാണ്. 'എനിക്ക് നിങ്ങളുടെ ഓട്ടോഗ്രാഫ് വേണം. താങ്കൾ എനിക്ക് ഒരു തലവേദന ഉണ്ടാക്കിയിരിക്കുകയാണ്. അടുത്ത മാസം ഞങ്ങൾ വാഷിംഗ്ടണിൽ ഒരു അത്താഴം ഒരുക്കുമ്പോൾ, താങ്കളെ കാണാൻ വരാൻ നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്, എന്റെ കയ്യിലുള്ള ടിക്കറ്റുകൾ തീർന്നു. ഞാൻ കളിയാക്കുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്റെ ടീമിനോട് ചോദിക്കൂ.., ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ആളുകളിൽ നിന്ന് എനിക്ക് ഫോൺ കോളുകൾ വരുന്നുണ്ട്, സിനിമാ താരങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും വരെ, നിങ്ങൾ വളരെ ജനപ്രിയനാണ്' അടുത്തിടെ ടോക്കിയോയിൽ ഇരു നേതാക്കളും കണ്ടുമുട്ടിയപ്പോൾ ബൈഡൻ പറഞ്ഞതായിരുന്നു ഇത്.
Read more; കേരളത്തിലെ 'മാര്‍ക്കി'സവും ഗ്രൂപ്പിസവും; നായിഡുവിന്‍റെ സ്വപ്നവും രാജസ്ഥാനിലെ 'കലാപവും'
മുൻ പ്രസിഡന്റ് ട്രംപിനൊപ്പം ഒരേ വേദിയിൽ എത്തിയതിന് അമേരിക്കൻ പ്രസിഡന്റ് മോദിയോട് ബൈഡന് താൽപര്യക്കുറവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യ വിരുദ്ധ ക്യാമ്പിന് ബൈഡന്റെ വാക്കുകൾ തിരിച്ചടിയാണ്. മോദിയെ ഊഷ്മളമായി വരവേൽക്കാൻ കാത്തിരിക്കുന്ന അമേരിക്കയെ നമ്മൾ കാണുന്നു. സ്വാഭാവികമായും രാഹുലിനും കൂട്ടർക്കും ഉള്ള നിരാശ ആനുപാതികമായി വളരുമെന്നുറപ്പ്. എന്നാൽ, മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന പുതിയ ഇന്ത്യയെ ലോകം അംഗീകരിക്കുകയാണ്.
എഴുത്ത്: ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല
എഴുത്തിലെ അവകാശവാദങ്ങളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ലേഖകന്റേത് മാത്രമാണ്
