ദേവാസ്(മധ്യപ്രദേശ്): ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ നിരവധി പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ ബിജെപി നേതാവ് വരുണ്‍ അഗര്‍വാള്‍ നടത്തുന്ന ഗോശാലയിലെ 12ഓളം പശുക്കളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശുക്കളെയാണ് ഗോശാലയില്‍ പാര്‍പ്പിച്ചിരുന്നത്. 

ദേവാസ് മുന്‍സിപ്പാലിറ്റി അധികൃതര്‍ അന്വേഷണത്തിനായി ഗോശാലയിലെത്തി. ഗോശാലക്ക് മുമ്പിലുള്ള ചതുപ്പില്‍ താഴ്ന്നാണ് ഒരു പശു ചത്തത്. മറ്റു പശുക്കളെ സമീപത്തെ ചെറിയ കുന്നില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉള്‍ക്കൊള്ളാനാവുന്നതിലും കൂടുതല്‍ പശുക്കളെ പാര്‍പ്പിച്ചതാണ് പശുക്കള്‍ ചാകാന്‍ കാരണമെന്ന് ദേവാസ് എഎസ്പി ജഗ്ദീഷ് ദാവര്‍ പറഞ്ഞു.

ഗോശാല നടത്തിപ്പുകാരന്‍ വരുണ്‍ അഗര്‍വാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. ഇയാളുടെ സഹായികളും ബിജെപി പ്രവര്‍ത്തകരുമായ മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു. സ്വാതന്ത്ര്യ ദിനത്തില്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്കാരം നേടിയ ബിജെപി നേതാവാണ് വരുണ്‍ അഗര്‍വാള്‍.