മഥുര: കൊറോണ വൈറസിനെ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധത വ്യക്തമാക്കി ദേശീയ സുരക്ഷാ നിയം അനുസരിച്ച് തടങ്കലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാര്‍ച്ച് 19 ന് എഴുതിയ കത്തിലാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതെന്ന് ദേശീയ മാധ്യമമായ ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആരോഗ്യ പരിപാലന രംഗത്ത് ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെന്നും 103 മെഡിക്കല്‍ ക്യാംപുകളുടെ ഭാഗമായിട്ടുണ്ടെന്നും കഫീല്‍ ഖാന്‍ കത്തില്‍ വിശദമാക്കുന്നു. ഇന്ത്യയില്‍ പലയിടങ്ങളിലായി അന്‍പതിനായിരത്തില്‍ അധികം രോഗികളെ പരിശോധിച്ചിട്ടുണ്ടെന്നും കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു. ഈ സമയത്ത് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിന് അനുമതി നല്‍കണമെന്നുമാണ് കഫീല്‍ ഖാന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

നീതികരിക്കാനാവാത്തതും അനധികൃതവുമായ തടവില്‍ നിന്ന് മോചിപ്പിച്ച് മാരകമായ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തിന് വേണ്ടി അണിനിരക്കാനും അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കഫീല്‍ ഖാന്‍ കത്ത് അവസാനിപ്പിക്കുന്നത്. വൈറസിന്‍റെ വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പ് കൃത്യമായി പ്രതിരോധിക്കേണ്ടത് നാടിന്‍റെ നില നില്പിന് അത്യാവശ്യമാണെന്നും കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ ഡിസംബര്‍ 12ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധസമരത്തിൽ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് കഫീൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കഫീൽ ഖാനെ പിന്നീട് മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു. മുംബൈ വിമാനത്താവളത്തിൽവച്ചായിരുന്നു കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. 

യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുരോഗവിദഗ്ധനായിരുന്ന ഡോ. കഫീല്‍ ഖാന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. 2017ൽ ആശുപത്രി ഓക്‌സിജന്‍ ലഭ്യതയുടെ അഭാവത്തെതുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റാരോപിതരായ ഒമ്പത് പേരില്‍ ഒരാളാണ് ഡോ. കഫീല്‍ ഖാന്‍. സംഭവത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഫീൽ ഖാനെ ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപി സർക്കാറിനെതിരെ രൂക്ഷവിമർശനങ്ങൾ നടത്തിയതിന്റെ പേരിലും കഫീൽ ഖാൻ വാർത്തകളിൽ ഇടംനേടിയിരുന്നു.