തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഓരോ ദിവസം കഴിയുന്തോറും പ്രഹസനമായി മാറുകയാണെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കാന്‍ തുച്ഛമായ തുക മാത്രമാണ് പാക്കേജില്‍ വകയിരുത്തിയതെന്നും നാലാം ദിനം കോര്‍പ്പറേറ്റുകളെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും ധനമന്ത്രി വിമര്‍ശിച്ചു.

പൊതുആരോഗ്യ മേഖലക്ക് തുക മാറ്റിവെച്ചിട്ടില്ലെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് എന്ന പേരില്‍ 8100 കോടിയുടെ പദ്ധതി അനുവദിച്ചിട്ടുണ്ട്. പ്രതിരോധ രംഗത്തെ സ്വകാര്യ നിക്ഷേപം, വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം, കല്‍ക്കരി ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം തുടങ്ങിയ കേന്ദ്ര തീരുമാനങ്ങളെയും തോമസ് ഐസക് വിമര്‍ശിച്ചു. വൈദ്യുതി നിയമം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഓരോ ദിവസം കഴിയുംതോറും 20 ലക്ഷം കോടി രൂപയുടെ പാക്കേജ് കൂടുതല്‍ കൂടുതല്‍ പ്രഹസനമായിട്ട് മാറുകയാണ്. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക് രണ്ട് വശങ്ങളുണ്ട്. ഒരു വശത്ത് വാങ്ങല്‍ കഴിവിന്റെ സമൂലതകര്‍ച്ച. മറുവശത്ത് സപ്ലൈ ചെയിനുകളുടെ തകര്‍ച്ച. ആദ്യത്തേത് പരിഹരിക്കാന്‍ ജനങ്ങളുടെ കൈയില്‍ പണം എത്തിക്കാന്‍ ഒരു പരിപാടിയും ഇല്ല. 20 ലക്ഷം കോടിയില്‍ എത്രയോ തുച്ഛമായ തുകയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.

സപ്ലൈയുടെ വശത്ത് രണ്ട് സെറ്റ് ആളുകളുണ്ട്. ചെറുകിട വ്യവസായികളും വ്യാപാരികളുമാണ് കൃഷിക്കാരുമാണ് ഒരു വശത്ത്. മറുവശത്ത് ഇന്ത്യയിലെ കോര്‍പ്പറേറ്റുകളാണ്. ആദ്യം പറഞ്ഞ കൂട്ടര്‍ക്ക് പണമായിട്ടൊന്നും ഇല്ല. വായ്പകള്‍ നീട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴുള്ള കടഭാരം ലഘൂകരിക്കാന്‍ ഒരു പരിപാടിയും ഇല്ല. അതേസമയം കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ് അതാണ് നാലാംദിവസം നടന്നത്.

1) നമ്മള്‍ എല്ലാം കരുതിയത് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പൊതു ആരോഗ്യ മേഖലയ്ക്ക് വലിയ പിന്തുണ പാക്കേജില്‍ ഉണ്ടാകുമെന്നാണ്. ഒന്നും ഇല്ല. അതിനുപകരം സ്വകാര്യ ആശുപത്രികള്‍ക്ക് വയബലിറ്റി ഗ്യാപ് ഫണ്ടിംഗ് എന്ന പേരില്‍ മുതല്‍മുടക്കിന്റെ 30 ശതമാനം വരെ നല്‍കും. അതിനായി 8100 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

2) ഭയങ്കര ദേശാഭിമാനികളാണ്. പക്ഷെ, ഇനിമേല്‍ പ്രതിരോധ ഫാക്ടറികളില്‍ വിദേശികള്‍ക്ക് 74 ശതമാനം വരെ ഓഹരിയെടുക്കാം.

3) കോള്‍ ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ കഥ തീര്‍ത്തു. 50 കല്‍ക്കരി ബ്ലോക്കുകള്‍ ഉടനെ ലേലത്തില്‍ വയ്ക്കുകയാണ്. മറ്റ് ധാതുക്കളുടെ 300 ബ്ലോക്കുകള്‍ പര്യവേഷണത്തിനും ഉല്‍പ്പാദനത്തിനുമായി സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുകയാണ്. തീര്‍ന്നില്ല, ഈ ഖനികളില്‍ നിന്ന് റെയില്‍വേയിലേയ്ക്ക് ധാതുക്കളും മറ്റും കൊണ്ടുപോകാനുള്ള സൗകര്യം തുടങ്ങിയ പശ്ചാത്തലസൗകര്യങ്ങള്‍ക്ക് 50000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ മുടക്കുമത്രേ.

4) ആറ് എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവല്‍ക്കരിച്ചു. മൂന്നെണ്ണം അവാര്‍ഡും ചെയ്തു. 12 എയര്‍പോര്‍ട്ടുകള്‍കൂടി സ്വകാര്യവല്‍ക്കരിക്കും. എയര്‍പോര്‍ട്ടുകളിലെ മെയിന്റനന്‍സ്, റിപ്പയര്‍ തുടങ്ങിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കും. അതിനുവേണ്ടി അവര്‍ക്ക് പ്രതിരോധ വിമാനങ്ങളും നന്നാക്കാനുള്ള അവകാശം കൊടുക്കുമത്രെ.

5) സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള വൈദ്യുതി നിയമം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതിന്റെ ചുവടുപിടിച്ചുള്ള ചില പ്രഖ്യാപനങ്ങളും ഇന്ന് ഉണ്ടായിട്ടുണ്ട്. യൂണിയന്‍ ടെറിട്ടറികളിലെ ഇലക്ട്രിസിറ്റി വിതരണ കമ്പനികള്‍ ഉടന്‍ സ്വകാര്യവല്‍ക്കരിക്കും. പിന്നെ, ഇതുപോലുള്ള ഒട്ടേറ വൈദ്യുതി പരിഷ്‌കാരങ്ങളുണ്ട്.

6) ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ ഇനി സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാം. ആറ്റമിക് എനര്‍ജി മേഖലയിലും സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ പോവുകയാണ്.

7) നിക്ഷേപകര്‍ക്കായി അഞ്ചുലക്ഷം ഏക്കര്‍ ഭൂമി കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.

ഇനി നാളെ എന്തെല്ലാം പ്രഖ്യാപനങ്ങളാണെന്ന് കാത്തിരിക്കാം. ഏതായാലും കഴിഞ്ഞ മൂന്നുദിവസമായി ഓഹരി കമ്പോളം തണുത്ത് കിടക്കുകയായിരുന്നു. 300 പോയിന്റ് ഇടിയുകയും ചെയ്തു. നാലാംദിവസത്തെ പ്രഖ്യാപനങ്ങള്‍ അവരെ ഉത്സാഹഭരിതരാക്കുമെന്നത് തീര്‍ച്ചയാണ്.