Asianet News MalayalamAsianet News Malayalam

കെജ്‍രിവാളിന്‍റെ വീടിന് മുന്നിൽ നാടകീയരംഗങ്ങൾ, ഒഴുകിയെത്തി പ്രവർത്തകർ, വൻ പൊലീസ് പട

ദില്ലിയിലെ കെജ്‍രിവാളിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുകയാണ്. ഉച്ച തിരിഞ്ഞ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എത്തി. അദ്ദേഹത്തെ അകത്തേക്ക് പോകാൻ അനുവദിച്ചില്ല. 

drama infront of arvind kejriwals home more aap workers at his delhi residence
Author
New Delhi, First Published Dec 8, 2020, 5:09 PM IST

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ വസതിക്ക് മുന്നിൽ നാടകീയരംഗങ്ങളാണ് അരങ്ങേറുന്നത്. കെജ്‍രിവാൾ വീട്ടുതടങ്കലിലാണെന്ന് ആം ആദ്മി പാ‍ർട്ടിയും അല്ലെന്ന് ദില്ലി പൊലീസും ആവർത്തിക്കുന്നു. ഉച്ച തിരിഞ്ഞ് കെജ്‍രിവാളിനെ കാണാനെത്തിയ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൊലീസ് തടഞ്ഞു.

എംഎൽഎമാരെ ഇന്നലെ മുതൽ കെജ്‍രിവാളിനെ കാണാൻ അനുവദിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ കെജ്‍രിവാൾ എംഎൽഎമാരെ കണ്ടെന്ന ദില്ലി പൊലീസിന്‍റെ വാദം തെറ്റാണ്. കർഷകരെ ജയിലിലാക്കാൻ താത്കാലിക സ്റ്റേഡിയങ്ങൾ ദില്ലി സർക്കാർ വിട്ടുകൊടുത്തില്ല. അതിന്‍റെ പക തീർക്കാൻ ഇന്ന് കെജ്‍രിവാളിനെത്തന്നെ ജയിലിലിടുകയാണ് ദില്ലി പൊലീസ് ചെയ്തതെന്നും സിസോദിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ക‍ർഷകസമരത്തിനെത്തി, സിംഘു അതിർത്തിയിൽ നേതാക്കളെ കണ്ട് തിരിച്ചെത്തിയ കെജ്‍രിവാളിനെ പിന്നീട് പുറത്തിറങ്ങാൻ പൊലീസ് അനുവദിച്ചില്ലെന്നും വീട് പൊലീസ് വളഞ്ഞുവെന്നും ആം ആദ്മി പാർട്ടി ഇന്ന് രാവിലെയാണ് ആരോപിച്ചത്. ഇതിന് പിന്നാലെ ദില്ലിയിലെ കെജ്‍രിവാളിന്‍റെ വസതിയിലേക്ക് ആം ആദ്മി പാർട്ടി പ്രവർത്തകർ ഒഴുകിയെത്തുകയാണ്. തടയാനായി വൻ പൊലീസ് പടയെയാണ് വസതിയ്ക്ക് ചുറ്റും വിന്യസിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലും ഹരിയാനയിലും ദില്ലിയിലുമായി ഇടത് നേതാക്കളെയടക്കം കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയ എല്ലാ നേതാക്കളെയും പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. 

ഇന്ന് കെജ്‍രിവാൾ പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ''ഞങ്ങളുടെ എംഎൽഎമാർ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ അവരെ പൊലീസ് തടഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ പൊലീസ് മർദ്ദിച്ചു. പുറത്തേക്ക് തള്ളിയിട്ടു'', എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് ഉന്നയിക്കുന്നത്.

എന്നാൽ കെജ്‍രിവാൾ വീട്ടിൽ അടച്ചിട്ടിരുന്ന് നാടകം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇന്നലെ രാത്രി കെജ്‍രിവാൾ പങ്കെടുത്തെന്ന് അവകാശപ്പെടുന്ന ഒരു വിവാഹച്ചടങ്ങിലെ ദൃശ്യങ്ങൾ ദില്ലി പൊലീസ് പുറത്തുവിട്ടു. 

ആം ആദ്മി പാർട്ടി ഇത് നിഷേധിക്കുകയാണ്. ഇന്ന് രാവിലെ മുതൽ കെജ്‍രിവാളിനെ കാണാനോ, വീട്ടിൽ നിന്ന് ആരെയെങ്കിലും പുറത്തുപോകാനോ, ആർക്കെങ്കിലും വസതിയ്ക്ക് അകത്തേക്ക് പ്രവേശിക്കാനോ അനുമതിയില്ല. 

കെജ്‍രിവാളിന്‍റെ വീട്ടിന് പുറത്ത് ആം ആദ്മി പ്രവർത്തകരും മറ്റ് പാർട്ടിയിലെ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ സുരക്ഷ കൂട്ടിയത് മാത്രമാണെന്നാണ് ദില്ലി പൊലീസിന്‍റെ വിശദീകരണം. ഇതിന് തെളിവായി കെജ്‍രിവാളിന്‍റെ വീടിന് മുന്നിലെ ഒരു ഫോട്ടോയും പുറത്തുവിടുന്നു. കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കി എന്ന ആരോപണം പൂർണമായും തെറ്റെന്നാണ് ദില്ലി എസിപി ആന്‍റോ അൽഫോൺസ് വാർത്താ ഏജൻസിയായ എഎൻഐഎയോട് പറയുന്നത്.

രാജ്യവ്യാപകമായി കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ആം ആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ബന്ദിനെ പിന്തുണയ്ക്കാൻ പാർട്ടിയുടെ ദേശീയ കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍‍രിവാൾ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. 

കേന്ദ്രഭരണപ്രദേശമായ ദില്ലിയിൽ പൊലീസ് സംസ്ഥാനഭരണത്തിന് കീഴിലല്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ദില്ലി പൊലീസ്.

ദില്ലിയിൽ കെജ്‍രിവാളിന്‍റെ വസതിക്ക് മുന്നിൽ നടക്കുന്നതെന്ത്? റിപ്പോർട്ട് കാണാം:

Follow Us:
Download App:
  • android
  • ios