ബോംബ് നിർമ്മിച്ച് അഭിഭാഷകന്റെ ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച് കോടതിയിൽ എത്തിച്ച് പൊട്ടിച്ച ഡിആർഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദില്ലി: ദില്ലി രോഹിണി കോടതി (Rohini court) കെട്ടിടത്തിലെ സ്ഫോടനക്കേസിൽ (Rohini Court Blast ) വഴിത്തിരിവ്. ബോംബ് (Bomb) നിർമ്മിച്ച് ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച് കോടതിയിൽ എത്തിച്ച് പൊട്ടിച്ച ഡിആർഡിഒ ശാസ്ത്രജ്ഞനെ (DRDO scientist ) പൊലീസ് അറസ്റ്റ് ചെയ്തു. ഭരത് ഭൂഷൺ കട്ടാരിയ എന്ന ഡിആർഡിഒ ശാസ്ത്രഞ്ജനാണ് അറസ്റ്റിലായത്. അയൽവാസിയായ അഭിഭാഷകൻ അമിത് വസിഷ്ഠിനോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
അഭിഭാഷകനെ കൊലപ്പെടുത്തുന്നതിന് വേണ്ടി അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് ചെറിയ ബോംബ് നിർമ്മിച്ച് ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച് കോടതി മുറിയിൽ ഇയാൾ ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം കോടതിക്ക് പുറത്തിറങ്ങി ബോംബ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ബോംബ് പൊട്ടിച്ചു. അഭിഭാഷകനെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. അഭിഭാഷകൻ കേസിൽ ഹാജരാകാൻ കോടതിയിൽ എത്തിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന ബോംബ് പൊട്ടിച്ചത്. എന്നാൽ നിർമ്മാണത്തിൽ വന്ന പിഴവ് കാരണം സ്ഫോടക വസ്തുവിന് തീപിടിച്ചില്ല. ഇത് കാരണമാണ് വലിയ സ്ഫോടനം ഒഴിവായി.
Rohini Court : രോഹിണി കോടതിയിൽ പൊട്ടിത്തെറിച്ചത് ലാപ്ടോപ് ബാഗ്, സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്
ആ മാസം 10 തിയ്യതിയാണ് രോഹിണി കോടതിയിൽ സ്ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നത്. കോടതി കെട്ടിടത്തിലെ 102-ാം നമ്പര്‍ ചേംബറിനുള്ളിൽ രാവിലെ പത്തരയോടെയാണ് സ്‌ഫോടനമുണ്ടായത്. കോടതി നടപടികൾ തുടരുന്നതിനിടെ ചേമ്പറിനുള്ളിലുണ്ടായിരുന്ന ലാപ്ടോപ് ബാഗ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അന്ന് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്നും സ്ഫോടക വസ്തുക്കളും ചോറ്റുപാത്രവും പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിആർഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തത്.
