ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് പരീക്ഷണങ്ങൾ നടത്തിയത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്ന് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ക്വിക്ക് റിയാക്ഷൻ സർഫേസ്-ടു-എയർ മിസൈൽ (QRSAM), വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS), ഹൈ-പവർ ലേസർ ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്.

Scroll to load tweet…

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറി (DRDL) നിർമ്മിച്ച ഒരു കേന്ദ്രീകൃത കമാൻഡ്-ആൻഡ്-കൺട്രോൾ സെന്ററാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. റിസർച്ച് സെന്റർ ഇമാറാത്ത് (RCI), സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് (CHESS) എന്നിവ ചേർന്നാണ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം, ഹൈ-പവർ ലേസർ ഡയറക്റ്റഡ് എനർജി വെപ്പൺ എന്നിവ വികസിപ്പിച്ചത്.

രണ്ട് അതിവേഗ ഫിക്സഡ്-വിംഗ് യുഎവികളും ഒരു മൾട്ടി-കോപ്റ്റർ ഡ്രോണുമാണ് പരീക്ഷണത്തിൻ്റെ ഭാഗമായി ഉപയോഗിച്ച ലക്ഷ്യങ്ങൾ. ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ച റേഞ്ച് ഉപകരണങ്ങൾ ഫ്ലൈറ്റ് ഡാറ്റ പകർത്തി ഫലങ്ങൾ സ്ഥിരീകരിച്ചു. മുതിർന്ന ഡിആർഡിഒ ശാസ്ത്രജ്ഞരും സായുധ സേനാ പ്രതിനിധികളും പരീക്ഷണത്തിൽ പങ്കെടുത്തു. സ്വന്തം സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഒരു മൾട്ടി-ലെയേർഡ് എയർ ഡിഫൻസ് ഷീൽഡ് സൃഷ്ടിക്കുന്നതിൽ നിർണായക ചുവടുവെപ്പാണിതെന്ന് ഡിആർഡിഒ ചെയർമാനും പ്രതിരോധ ഗവേഷണ-വികസന സെക്രട്ടറിയുമായ ഡോ. സമീർ വി. കാമത്ത് പ്രതികരിച്ചു.

YouTube video player