Asianet News MalayalamAsianet News Malayalam

ലോക്ക്ഡൌണ്‍ സമാനമായ നിയന്ത്രണങ്ങളും ഫലം കാണുന്നു?; മുംബൈയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു

മൊത്തം മഹാരാഷ്ട്ര പരിഗണിച്ചാലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകള്‍ കുറയുകയാണ്. എങ്കിലും രാജ്യത്ത് തന്നെ പ്രതിദിന കൊവിഡ് രോഗികളുടെ കണക്കില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 

Drop From its Peak Mumbai Covid 19 Cases at 3 week Low Is CMs Lockdown Strategy Working?
Author
Mumbai, First Published Apr 25, 2021, 12:56 PM IST

മുംബൈ: ഏപ്രില്‍ 4ലെ ഒരു ദിവസത്തെ ഏറ്റവും കൂടിയ കൊവിഡ് കേസുകളായ 11,163 നോക്കുമ്പോള്‍ ശനിയാഴ്ച മുംബൈയില്‍ രേഖപ്പെടുത്തിയ കൊവിഡ് കേസുകള്‍ 50 ശതമാനം കുറഞ്ഞു. അതായത് മൂന്നാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 5,888 കൊവിഡ് കേസുകളാണ് ഏപ്രില്‍ 24 ശനിയാഴ്ച മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏപ്രില്‍ 19ന് ഇത് 8000ത്തിന് അടുത്തായിരുന്നു. ശനിയാഴ്ച മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ വെള്ളിയാഴ്ചത്തെ 7221 കേസുകള്‍ പരിഗണിക്കുമ്പോള്‍ 20 ശതമാനം കുറവാണ്. 

മൊത്തം മഹാരാഷ്ട്ര പരിഗണിച്ചാലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകള്‍ കുറയുകയാണ്. എങ്കിലും രാജ്യത്ത് തന്നെ പ്രതിദിന കൊവിഡ് രോഗികളുടെ കണക്കില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ശനിയാഴ്ച മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 67,160 കൊവിഡ് കേസുകളായിരുന്നു. 

ഇതിനൊപ്പം പ്രതിദിന പൊസറ്റിവിറ്റി നിരക്കും മുംബൈയില്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വാരം ഇത് 18 ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 15 ശതമാനമാണ്. അതേ സമയം മരണ നിരക്കില്‍ കാര്യമായ മാറ്റം മുംബൈയില്‍ ദൃശ്യമല്ലെന്നത് അധികൃതര്‍ ഗൌരവമായി കാണുന്നുവെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ മുംബൈയില്‍ നിലവിലുള്ളത് 120 കണ്ടെയ്മെന്‍റ് സോണുകളാണ്. ഇതിനൊപ്പം 1200 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും സീല്‍ ചെയ്തിട്ടുണ്ട്.

അതേ സമയം മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ 'ലോക്ക്ഡൌണ്‍' എന്ന് വിളിക്കുന്നില്ലെങ്കിലും അതിന് സമാനമായ രീതിയിലാണ് നിയന്ത്രണങ്ങള്‍. ഏപ്രില്‍ 22നാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ സിറ്റിക്കുള്ളിലെ സഞ്ചാരം, ജില്ലയ്ക്കുള്ളിലെ യാത്രകള്‍, സംസ്ഥാന തലത്തിലുള്ള യാത്രകള്‍ എന്നിവയ്ക്ക് വിവിധതലങ്ങളില്‍ നിയന്ത്രണങ്ങളുണ്ട്.

സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിത ആളവില്‍ മാത്രമാണ് നടക്കുന്നത്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതില്‍ രാവിലെ 7വരെ നിരോധനമുണ്ട്. എങ്കിലും അത്യവശ്യ സേവനങ്ങള്‍ അനുവദിക്കും. 

Follow Us:
Download App:
  • android
  • ios