Asianet News MalayalamAsianet News Malayalam

പാകിസ്താനിൽ നിന്ന് വരുന്ന മയക്കുമരുന്നാണ് താഴ്വരയിലെ തീവ്രവാദത്തിന്റെ ഫണ്ടിങ്ങ്; ജമ്മു കശ്മീർ ഡിജിപി

"അടുത്തിടെ പിടിച്ചെടുത്ത ഡ്രഗ് കൺസൈൻമെന്റുകളിൽ 90  ശതമാനവും അതിർത്തി കടന്ന് പാകിസ്ഥാനിൽ നിന്നെത്തിയവയാണ്. " ഒരു ചടങ്ങിൽ പങ്കെടുക്കവെ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. 

Drug Mafia is funding Kashmir in terrorism says dgp
Author
Jammu, First Published Sep 19, 2019, 12:36 PM IST

ജമ്മു: താഴ്വരയിലെ  തീവ്രവാദത്തിനു വേണ്ട ഫണ്ടിങ്ങ് വരുന്നത് പാകിസ്ഥാനിൽ നിന്ന് വൻതോതിൽ അതിർത്തി കടന്നെത്തുന്ന മയക്കുമരുന്നിന്റെ വ്യാപാരത്തിലൂടെ എന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ്ങ് അറിയിച്ചു. ഇതിനൊക്കെ പിന്നിൽ പാകിസ്താന്റെ കുബുദ്ധിയാണെന്നും അദ്ദേഹം ആരോപിച്ചു. കശ്മീരിലെ യുവാക്കളോട് അയൽരാജ്യത്തിന്റെ കുതന്ത്രങ്ങൾ തിരിച്ചറിയണം എന്നും ഇത്തരത്തിലുള്ള ലഹരിമരുന്നു റാക്കറ്റുകൾ തകർക്കാൻ പൊലീസിനെ സഹായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

"അടുത്തിടെ പിടിച്ചെടുത്ത ഡ്രഗ് കൺസൈൻമെന്റുകളിൽ 90  ശതമാനവും അതിർത്തി കടന്ന് പാകിസ്ഥാനിൽ നിന്നെത്തിയവയാണ്. " ഒരു ചടങ്ങിൽ പങ്കെടുക്കവെ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ഈ അതിർത്തി കടന്നുള്ള മയക്കുമരുന്നുവ്യാപാരം ഇന്ത്യയെ തകർക്കാനുള്ള പാകിസ്താന്റെ ഗൂഢാലോചനയുടെ ഭാഗമാണ് എന്നും അദ്ദേഹം അടിവരയിട്ടുപറഞ്ഞു.

ഇത്തരത്തിൽ കടത്തപ്പെടുന്ന മയക്കുമരുന്നുകളുടെ ചെറിയൊരു ഭാഗം മാത്രമാണ് സംസ്ഥാനത്ത് ചെലവാകുന്നത്. ബാക്കി അയൽ സംസ്ഥാനങ്ങളിലേക്ക് ചില്ലറ വില്പനയ്ക്കായി കടത്തുകയാണ് പതിവ്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ മയക്കുമരുന്ന് ലോബികൾ അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതുകൊണ്ടുതന്നെ കടുത്ത നടപടികളുമായി പൊലീസും സൈന്യവും മുന്നോട്ടുപോവുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 

" ജമ്മുകശ്മീരിലെ മയക്കുമരുന്ന് ലോബി മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമാണ്. കാരണം അതിന്റെ വരുമാനത്തിലെ സിംഹഭാഗവും പോകുന്നത് ഭീകരവാദികൾക്ക് ആയുധങ്ങളും മറ്റും വാങ്ങാനാണ്. അതുകൊണ്ടുതന്നെ ഇതിനെ കർശനമായി അടിച്ചമർത്തേണ്ടിയിരിക്കുന്നു..." സിങ്ങ് പറഞ്ഞു. 

ഇപ്പോൾ തുടക്കമിട്ട നടപടികളുടെ ഭാഗമായി ഇതുവരെ 340 പേരെ സംശയാസ്പദമായ സാഹചര്യങ്ങളിൽ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യുകയുണ്ടായി പൊലീസ്. അതിൽ പതിനാറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി അവർക്കെതിരെ മയക്കുമരുന്ന് കടത്തലിന് കുറ്റപത്രവും നൽകിയിട്ടുണ്ട്. അനധികൃതമായ മരുന്നുകൾ വില്പന നടത്തിയ എട്ടു മരുന്നുകടകൾ പൊലീസ് പൂട്ടി സീൽ വെക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios