നോയിഡ: മദ്യലഹരിയില്‍ കാറില്‍ കിടന്ന് ഉറങ്ങിയ ആളെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ ബരോള സ്വദേശി സുന്ദര്‍ പണ്ഡിറ്റാണ് മരിച്ചത്. കാർ സ്റ്റാർട്ട് ചെയ്ത് എ.സി. ഓൺ ചെയ്തിരുന്നതിനാൽ കാർബൺ മോണോക്സൈഡ് വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.   സുന്ദര്‍ പണ്ഡിറ്റിന്‍റെ നോയിഡയിലുള്ള വീടിന്‍റെ ബേസ്മെന്‍റില്‍ വച്ചാണ് സംഭവം.

ബരോളയിൽ താമസിക്കുന്ന സുന്ദർ പണ്ഡിറ്റിന് നോയിഡ സെക്ടർ 107-ലും ഒരു വീടുണ്ട്. സുന്ദര്‍ ആഴ്ചയിലൊരിക്കല്‍ ഇവിടെ വരാറുണ്ട്. സ്ഥിരം മദ്യപാനിയായ സുന്ദര്‍  ശനിയാഴ്ച രാത്രിയും നോയിഡയിലെത്തി. എന്നാല്‍ മദ്യലഹരിയിൽ കാറിലിരുന്ന് ഉറങ്ങുകയായിരുന്നു. വീടിന്റെ ബേസ്മെന്റിലാണ് കാർ പാർക്ക്  ചെയ്തിരുന്നത്. 

പിറ്റേദിവസം രാവിലെ സഹോദരൻ വന്ന് പരിശോധിച്ചപ്പോഴാണ് സുന്ദറിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം  സംഭവിച്ചിരുന്നു. സംഭവത്തിൽ കുടുംബം പരാതി നൽകിയിട്ടില്ല. മരണത്തിൽ മറ്റു സംശയങ്ങൾ ഇല്ലെന്നാണ് പൊലീസും പറയുന്നത്.