ഡീഷയിലെ മയൂർബഞ്ചിലെ ഒരുൾനാടൻ ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മുർമ്മു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോൾ അത് ചരിത്രമാണ്.
ദില്ലി: ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടി. തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങളിൽ കൂടി വോട്ടുകൾ ഇനി എണ്ണാൻ ബാക്കിയുണ്ടെങ്കിലും മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന ദ്രൗപദി മുര്‍മു ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വിജയം ഉറപ്പായതിന് പിന്നാലെ ദ്രൗപദി മുര്‍മുവിനെ നേരിൽ കണ്ട് അനുമോദനം അര്‍പ്പിച്ചു.
ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലമാണ് ഒടുവിൽ പുറത്തു വരുന്നതും.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തോടെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ബിജെപിക്കാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുൻപേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപിയേയും മോദിയേയും എതിര്‍ത്തു നിന്ന പാര്‍ട്ടികളുടെ വരെ വോട്ട് നേടാൻ എൻഡിഎയ്ക്ക് സാധിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയ തന്ത്രങ്ങളെല്ലാം നൂറു ശതമാനം വിജയം കാണുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.
പുതു ചരിത്രം കുറിച്ച് ദ്രൗപദി മുർമു, രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്ര വർഗ നേതാവ്
രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ രണ്ടാം റൗണ്ടിലും വൻലീഡുമായി ദ്രൗപദി മുര്‍മു
'2024ൽ നടക്കേണ്ടത് തിരസ്കരണത്തിന്റെ തെരഞ്ഞെടുപ്പ്'; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത
ആരാണ് ദ്രൗപദി മുര്‍മു
ഒഡീഷയില സന്താൾ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ടയാളാണ് ദ്രൌപദി മുർമു. ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടുന്ന പെൺകുട്ടി. അവിടെ തുടങ്ങിയ വെല്ലുവിളികളിൽ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുർമു റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്. ഭുവനേശ്വരിലെ രമാ ദേവി സർവകലാശാലയിൽ നിന്ന് ആർട്സിലായിരുന്നു ബിരുദം. ആദ്യ ജോലി ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റൻറായി. പിന്നീട് സ്കൂൾ അധ്യാപികയായും പ്രവർത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നത്. 1997ൽ മുർമ്മു റായ്റംഗ്പൂർ മുൻസിപ്പൽ കൌൺസിലറായി. അക്കാലത്ത് ഒഡീഷയിൽ മികച്ച നേതാക്കളെ തേടിയിരുന്ന ബിജെപിക്ക് ദ്രൌപദി മുർമ്മു മുതൽക്കൂട്ടായി. ബിജെഡി – ബിജെപി സഖ്യം മത്സരിച്ച രണ്ടായിരത്തിലും രണ്ടായിരത്തി നാലിലും രണ്ട് തവണ മുർമ്മു ഒഡീഷയിൽ എംഎൽഎ ആയി. നാല് വർഷം സംസ്ഥാനത്തെ മന്ത്രിയായി.
മുൻഗാമികളിലൂടെ...
- ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ആയിരുന്നു. രണ്ടുതവണ ഇന്ത്യൻ പ്രസിഡന്റായ ഏകവ്യക്തിയും അദ്ദേഹമാണ്. 1950 ജനുവരി 26 മുതൽ 1962 മേയ് 13 വരെ ആയിരുന്നു അദ്ദേഹം രാജ്യത്തെ നയിച്ചത്.
- അധ്യാപകനും തത്ത്വചിന്തകനുമായ സർവേപ്പിള്ളി രാധാകൃഷ്ണനായിരുന്നു നമ്മുടെ രണ്ടാമത്തെ രാഷ്ട്രപതി. 1962 മേയ് 13 മുതൽ 1967 മേയ് 13 വരെ അദ്ദേഹം രാജ്യത്തിൻ്റെ നായകനായി.
- 1967 മേയ് 13 മുതൽ 1969 മേയ് മൂന്നുവരെ ഇന്ത്യയുടെ രാഷ്ട്രപതി ഡോക്ടർ സാക്കിർ ഹുസൈൻ ആയിരുന്നു. പ്രസിഡന്റ് പദവിയിലിരിക്കെ തന്നെ അദ്ദേഹം അന്തരിച്ചു.
- സാക്കിർ ഹുസൈന്റെ മരണത്തെത്തുടർന്ന്വി വി ഗിരി ഇന്ത്യയുടെ ആദ്യ ആക്ടിങ് പ്രസിഡന്റായിതുടർന്നുനടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 1969 ഓഗസ്റ്റ് 24 മുതൽ 1974 ഓഗസ്റ്റ് 24 വരെ ഗിരി ആ പദവിയിൽ തുടർന്നു.
- ഇന്ത്യൻ പ്രസിഡന്റ് പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തിയാണ് ഫക്രുദീൻ അലി അഹമ്മദ്. 1974 ഓഗസ്റ്റ് 24 മുതൽ 1977 ഫെബ്രുവരി 11 വരെ അദ്ദേഹം പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച രാഷ്ട്രപതിയും ഇദ്ദേഹമാണ്.
- 1977 ജൂലായ് 25 മുതൽ 1982 ജൂലായ് 25 വരെ ഇന്ത്യയുടെ പ്രസിഡന്റ് നീലം സഞ്ജീവ റെഡ്ഢി ആയിരുന്നു. ആന്ധ്രാപ്രദേശിലെ കർഷകകുടുംബത്തിൽ ജനിച്ചു പരമോന്നത പദവിവരെ വളർന്ന നേതാവായിരുന്നു അദ്ദേഹം. 64-ാം വയസ്സിൽ പ്രസിഡന്റായപ്പോൾ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി നീലം സഞ്ജീവ് റെഡ്ഡി മാറി.
- ഗ്യാനി സെയിൽസിങ് ഇന്ത്യയുടെ ഏഴാമത്തെ പ്രസിഡന്റ ആയിരുന്നു. 1982 ജൂലായ് 25-ന് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1987 ജൂലായ് 25 വരെ ആ പദവിയിൽ തുടർന്നു.
- 1987 ജൂലായ് 25 മുതൽ 1992 ജൂലായ് 25 വരെ ആർ. വെങ്കിട്ടരാമനായിരുന്നു രാഷ്ട്രപതി. നാലു പ്രധാനമന്ത്രിമാർക്കൊപ്പം പ്രവർത്തിച്ച രാഷ്‌ട്രപതി എന്ന അപൂര്‍വ്വ ബഹുമതി അദ്ദേഹത്തിന് സ്വന്തമാണ്. നരസിംഹറാവു, ചന്ദ്രശേഖർ, രാജീവ് ഗാന്ധി, വി.പി. സിങ് എന്നിവരായിരുന്നു വെങ്കിട്ടരാമൻ്റെ കാലത്തെ
- ഇന്ത്യൻ പ്രധാനമന്ത്രിമാർ.
- ശങ്കർദയാൽ ശർമ 1992 ജൂലായ് 25 മുതൽ 1997 ജൂലായ് 25 വരെ ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. പ്രസിഡൻറ് ആകുന്നതിനു മുൻപ് അദ്ദേഹം രാജ്യത്തിൻറെ വൈസ് പ്രസിഡന്റായിരുന്നു.
- രാഷ്ട്രപതിയായ ആദ്യ മലയാളിയും ആദ്യ ദളിതനുമായിരുന്നു. കെ.ആർ. നാരായണൻ. 1997 ജൂലായ് 25 മുതൽ 2002 ജൂലായ് 25 വരെ അദ്ദേഹം രാഷ്ട്രപതിയായി പ്രവർത്തിച്ചു.
- ‘മിസൈൽ മാൻ’ എന്നറിയപ്പെട്ട എ.പി.ജെ. അബ്ദുൽ കലാം 2002 ജൂലായ് 25 മുതൽ 2007 ജൂലായ് 25 വരെ രാഷ്ട്രപതിയായി. ‘ജനങ്ങളുടെ പ്രസിഡന്റ്’ എന്ന വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു.
- ഇന്ത്യയുടെ ആദ്യ വനിതാ രാഷ്‌ട്രപതി ആയിരുന്നു പ്രതിഭാപാട്ടീൽ. 2007 ജൂലായ് 25 മുതൽ 2012 ജൂലായ് 25 വരെ ആ സ്ഥാനം വഹിച്ചു.
- 2012 ജൂലായ് 25 മുതൽ 2017 ജൂലായ് 25 വരെ പ്രസിഡന്റായത് പ്രണബ് കുമാർ മുഖർജി ആയിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി, പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ച പരിചയവുമായാണ് അദ്ദേഹം രാഷ്ട്രപതി ആയത്.
- രാംനാഥ് കോവിന്ദ് രാജ്യത്തിൻറെ പതിനാലാമത്തെ പ്രസിഡന്റ് ആയിരുന്നു. 2017 ജൂലായ് 25-നാണ് സ്ഥാനമേറ്റത്. 2022 ജൂലായ് 25 വരെ ആണ് അദ്ദേഹത്തിന്റെ കാലാവധി.
