അസം മുഖ്യമന്ത്രിയുടെ വിജിലൻസ് സെല്ലിലെ ഡിഎസ്പി ഖർഗേശ്വർ റഭയെ ബോംഗൈഗാവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 18ന് മുറിയെടുത്ത ഇദ്ദേഹത്തിന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം ജീർണ്ണിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗുവാഹത്തി: അസം മുഖ്യമന്ത്രിയുടെ വിജിലൻസ് സെല്ലിലെ ഡിഎസ്പിയെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോംഗൈഗാവ് ജില്ലയിലെ 'ഹോട്ടൽ ജാഹ്നവി റീജൻസി'യിലാണ് ഡിഎസ്പി ഖർഗേശ്വർ റഭയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 18-നാണ് ഖർഗേശ്വർ റഭ ഹോട്ടലിൽ മുറിയെടുത്തത്. പിന്നീട് ഇദ്ദേഹം മുറിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസങ്ങൾ കഴിഞ്ഞ് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം ജീർണ്ണിച്ചതായി കണ്ടെത്തിയത്. ആരോഗ്യപരമായ കാരണങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് നുമാൽ മഹ്തോ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം എന്താണെന്നതിൽ വ്യക്തത വരൂ. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ, സന്ദർശകരുടെ വിവരങ്ങൾ എന്നിവ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


