ദില്ലി: ഇന്ത്യയില്‍ കൊവിഡ് 19 വ്യാപിക്കുന്നതിന്റെ കേന്ദ്രം ദുബായിയാണെന്ന് പഠനം. രാജ്യത്ത് കൊവിഡ് ബാധിച്ചവരില്‍ ഏറെപ്പേരും ദുബായിയില്‍ നിന്നെത്തിയവരിലാണെന്നും പഠനം പറയുന്നു. 873 കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 720 പേരുടെ പരിശോധനാഫലവും പോസിറ്റീവായിരുന്നു. കൊവിഡ് ബാധിച്ചവരില്‍ നൂറോളം പേര്‍ എത്തിയത് ദുബായിയില്‍ നിന്നാണ്. ദുബായിയിലെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തേക്ക് തിരിച്ചത്. യൂറോപ്പില്‍ നിന്നെത്തുന്ന പ്രവാസികളും ദുബായ് വഴിയാണ് കൂടുതലും എത്തിയത്. 

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ കൂടുതലും ദുബായിയില്‍ നിന്നെത്തിയവരാണ്. വരും ദിവസങ്ങളില്‍ രോഗം വ്യാപിക്കാതിരിക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരെ സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിക്കണം-ഗാസിയാബാദിലെ സന്തോഷ് ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. അനുപം സിംഗ് പറഞ്ഞു. ഇദ്ദേഹമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. വിദേശത്ത് നിന്ന് എത്തിയവരെ ഉടന്‍ കണ്ടെത്തി ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്19ഇന്ത്യ.ഒആര്‍ജി വെബ്‌സൈറ്റിലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. 

ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ചവരില്‍ 65 ശതമാനം പുരുഷന്മാരാണ്. ആഗോളതലത്തില്‍ രോഗം ബാധിച്ചവരില്‍ 60 ശതമാനം പുരുഷന്മാരാണ്.