Asianet News MalayalamAsianet News Malayalam

'മന്ത്രിമാരും പൊതുജനങ്ങളും തുല്യരാണ്, ​ഗതാ​ഗതക്കുരുക്ക് പാടില്ല'; മുന്നറിയിപ്പ് നൽകി ബം​ഗാൾ മുഖ്യമന്ത്രി

മന്ത്രിമാർക്കും പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കുമാണ് മമതാ ബാനർജി നിർദ്ദേശം നൽകിയിരിക്കുന്നത്. മന്ത്രി സുജിത് ബോസിന്റെ ദുർഗാ പൂജ പന്തൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മമതാ ബാനർജി.

durga puja and navratri celebrations mamata banerjee has directed to avoid traffic jams
Author
First Published Sep 22, 2022, 9:55 PM IST

കൊൽക്കത്ത: ​ഗതാ​ഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ദുർ​ഗാ പൂജയ്ക്കും നവരാത്രി ആഘോഷങ്ങൾക്കും മുന്നോടിയായി നിർദ്ദേശം നൽകി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിമാർക്കും പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കുമാണ് മമതാ ബാനർജി നിർദ്ദേശം നൽകിയിരിക്കുന്നത്. 
 
മന്ത്രി സുജിത് ബോസിന്റെ ദുർഗാ പൂജ പന്തൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മമതാ ബാനർജി. കഴിഞ്ഞ വർഷത്തെ സംഭവവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ബിദ്ദന​ഗറിൽ നിന്നുള്ള എംഎൽഎ ഒരുക്കിയിരുന്നത് ലോകത്തിലെ ഏറ്റവും ഉ‌യരം കൂടിയ കെട്ടിടത്തിന്റെ മാതൃകയിലുള്ള പന്തലായിരുന്നു. അതിൽ നിന്നുള്ള ലേസർ ലൈറ്റുകൾ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് ചില പൈലറ്റുമാർ പരാതിപ്പെട്ടതിനെത്തുടർന്ന് ആ പന്തൽ അടച്ചുപൂട്ടുകയായിരുന്നു. പന്തൽ കാണാനെത്തുന്നരുടെ തിരക്ക് മൂലമുള്ള പ്രശ്നങ്ങൾ വേറെയുമുണ്ടായിരുന്നു. 

"സുജിത് ബാബുവിനോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. റോഡുകളിൽ തടസ്സമുണ്ടാകാതെ നോക്കണം. ​ഗതാ​ഗതക്കുരുക്കിൽ അകപ്പെട്ട് ജനങ്ങൾക്ക് സമയത്ത് എത്താൻ കഴിയാതെ വിമാനയാത്രയും മറ്റും റദ്ദ് ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാകരുത്. ഇവിടെ ​ഗൗരവ് ശർമ്മയാണ് പുതിയ കമ്മീഷണർ. ​ഗൗരവ് പ്രത്യേകം ശ്രദ്ധിക്കണം, അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ എന്നെ ഉടൻ വിവരമറിയിക്കണം. വേണ്ട നടപടികൾ ഉടനടി സ്വീകരിക്കുന്നതാണ്". മമതാ ബാനർജി ശ്രീഭൂമിയിൽ പറഞ്ഞു. 

"ലക്ഷക്കണക്കിന് ആളുകളാണ് ദുർ​ഗാപൂജ കാണാനെത്തുക. നിങ്ങളൊരു മന്ത്രിയാണെങ്കിൽ പൊതുജനങ്ങളെയും പരി​ഗണിക്കണം. അത് നിങ്ങളുടെ കർത്തവ്യമാണ്. ജനങ്ങൾ തെരുവുകളിൽ കൂടി നടക്കുമ്പോൾ ഞാനവരുടെ കാവൽക്കാരിയാണ്. എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ നിങ്ങളോടുള്ള എന്റെ സ്വരം മാറും സുജിത് ബാബു. മമതാ ബാനർജി കൂട്ടിച്ചേർത്തു". വ്യാഴാഴ്ചയാണ് ​ദുർ​ഗാ പൂജ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു തുടങ്ങിയത്. ദുർഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഹിന്ദു മതവിശ്വാസികൾ ആഘോഷിക്കുന്ന ഉത്സവമാണ് ദുർഗാപൂജ. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്.

Read Also: ഓർമ്മയില്ലേ ബിപ്ലവ് കുമാർ ദേബിനെ? ത്രിപുരയുടെ പഴയ മുഖ്യമന്ത്രിക്ക് ഇനി പുതി‌യ ദൗത്യം

Follow Us:
Download App:
  • android
  • ios