ബിപ്ലവ് കുമാർ 43 വോട്ടുകൾ നേടി. സിപിഎം സ്ഥാനാർത്ഥി മുൻ ധനവകുപ്പ് മന്ത്രി ഭാനുലാൽ സാഹ ആയിരുന്നു എതിരാളി. ഇദ്ദേഹത്തിന് 15 വോട്ടുകൾ മാത്രമേ നേടാനായുള്ളു

അ​ഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ഇനി രാജ്യസഭാ എംപി. രാജ്യസഭയിലേക്ക് ത്രിപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിപ്ലവ് കുമാർ ദേബ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് ഭൂരിപക്ഷം ഉള്ള നിയമസഭയിൽ ബിപ്ലവ് കുമാറിന്റെ വിജയം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. 

ബിപ്ലവ് കുമാർ 43 വോട്ടുകൾ നേടി. സിപിഎം സ്ഥാനാർത്ഥി മുൻ ധനവകുപ്പ് മന്ത്രി ഭാനുലാൽ സാഹ ആയിരുന്നു എതിരാളി. ഇദ്ദേഹത്തിന് 15 വോട്ടുകൾ മാത്രമേ നേടാനായുള്ളു. 60 അം​ഗ നിയമസഭയിൽ ബിജെപിക്ക് 36 സീറ്റുകളാണുള്ളത്. ബിജെപി സഖ്യകക്ഷിയായ ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് (ഐപിഎഫ്റ്റി) 7 അം​ഗങ്ങളാണുള്ളത്. സിപിഎമ്മിന് സഭ‌യിൽ 15 അം​ഗങ്ങളുണ്ട്. കോൺ​ഗ്രസിന് ഒരം​ഗം മാത്രമേ ഉള്ളു. കോൺ​ഗ്രസ് അം​​ഗം വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ട്.

ത്രിപുരയിൽ നിന്നുള്ള രാജ്യസഭാ അം​ഗമായി തെരഞ്ഞെടുത്തതിൽ ബിജെപി, ഐപിഎഫ്റ്റി അം​ഗങ്ങൾക്ക് നന്ദി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കും നന്ദി അറിയിക്കുന്നു. മാതാ ത്രിപുരസുന്ദരിയുടെ അനു​ഗ്രഹത്താൽ ത്രിപുരയിലെ ജനങ്ങളെ എന്റെ അവസാന ശ്വാസം വരെയും സേവിക്കുന്നതായിരിക്കും. ബിപ്ലവ് കുമാർ ദേബ് ട്വീറ്റ് ചെയ്തു. 

അതിനിടെ, ആർഎസ്എസ് തലവൻ മോഹൻ ഭ​ഗവതിനെ ഓൾ ഇന്ത്യ ഇമാം ഓർ​ഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസി രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചു . കസ്തൂർബാ ഗാന്ധി മാർഗിലുള്ള മസ്ജിദിലെത്തി ഇമാം ഓർഗനൈസേഷന്‍റെ മുഖ്യ പുരോഹിതനായ ഉമർ അഹമ്മദ് ഇല്യാസിയുമായി ഇന്ന് മോഹൻ ഭ​ഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ക്ഷണം സ്വീകരിച്ച് മോഹൻ ഭ​ഗവത് ജി ഇന്ന് എത്തിയിരുന്നു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദർശനം വളരെ നല്ല സന്ദേശമാണ് പകരുക. തങ്ങൾ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്, പക്ഷേ, ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് തങ്ങൾ കരുതുന്നു എന്നും ഉമർ അഹമദ് ഇല്ല്യാസി പറഞ്ഞതായി വാർത്താ ഏജൻസി‌യായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഉമർ അഹമദ് ഇല്ല്യാസിയുമായി അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം മോഹൻ ഭ​ഗവത് ചർച്ച നടത്തി. ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോഹൻ ഭ​ഗവത് മുസ്ലീം നേതാക്കളുമായി ചർച്ച നടത്തുന്നത്.

Read Also: അവർ വരേണ്യവർ​ഗം, എന്തും ചെയ്യാം പക്ഷേ...'; ആർഎസ്എസ് മേധാവിയെക്കണ്ട മുസ്ലീംനേതാക്കൾക്കെതിരെ ഒവൈസി