ദില്ലി: വ്യക്തിജീവിതത്തില്‍ അച്ചടക്കമുള്ള രീതികള്‍ പിന്തുടുന്ന വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശയാത്രകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് പകരം മോദി വിശ്രമിക്കുന്നതും കുളിക്കുന്നതും വിമാനത്താവളത്തിലെ ടെര്‍മിനലിലാണെന്ന് അമിത് ഷാ പറഞ്ഞു. ബുധനാഴ്ച ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിദേശയാത്രകള്‍ക്ക് 20- ല്‍ താഴെ ജീവനക്കാര്‍ മാത്രമാണ് മോദിയെ അനുഗമിക്കുന്നത്. ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ വന്‍ വാഹനവ്യൂഹം അദ്ദേഹം പ്രോത്സാഹിപ്പിക്കാറില്ല. മുമ്പ് ഉദ്യോഗസ്ഥര്‍ യാത്രകള്‍ക്കായി പ്രത്യേക കാറുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ വലിയ വാഹനങ്ങളോ ബസുകളോ ആണ് തെരഞ്ഞെടുക്കുന്നത്'- അമിത് ഷാ പറഞ്ഞു.

അതേസമയം എസ്‍പിജി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ഇല്ലാതാക്കാനല്ലെന്നും ഓരോരുത്തരുടേയും സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഏത് തട്ടിലുള്ള സുരക്ഷ വേണമെന്ന് തീരുമാനിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. രാഷ്ട്രീയം നോക്കിയല്ല നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് മുമ്പ് എസ്‍‍പിജി നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുള്ളത്.  പ്രധാനമന്ത്രിക്കാണോ ഒരു കുടുംബത്തിനാണോ സുരക്ഷനൽകേണ്ടത്? ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിൻവലിക്കുകയല്ല, പരിഷ്കരിക്കുകയാണ് ചെയ്തത്. ഓരോരുത്തർക്കും ഉള്ള ഭീഷണി വിലയിരുത്തിയാണ് സുരക്ഷ എങ്ങനെ വേണമെന്ന് തീരുമാനിക്കുക. എല്ലാ മുഖ്യമന്ത്രിമാർക്കും ഇസഡ് പ്ളസ് സുരക്ഷയില്ലെന്നും അമിത് ഷാ അറിയിച്ചു.