ചണ്ഡീഗഡ്: ഹരിയാനയിൽ ജനനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായതിനു പിറകെ പിതാവ് അജയ് ചൗട്ടാലക്ക് പരോൾ. അഴിമതിക്കേസിൽ തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന അജയ് ചൗട്ടാല പുറത്തിറങ്ങി. പരോളിലിറങ്ങിയതിനു പുറകെ അജയ് ചൗട്ടാല മാധ്യമങ്ങൾക്ക് മുന്നിൽ മകനെ പ്രശംസിച്ചു. 11 മാസത്തിനുള്ളിൽ പാർട്ടിയെ അധികാരത്തിലെത്തിക്കാന്‍ മകന് സാധിച്ചുവെന്ന് അദ്ദേഹം പറയുന്നു.

ശനിയാഴ്ചയാണ് അജയ് ചൗട്ടാല പരോൾ നേടി പുറത്തിറങ്ങിയത്. ബിജെപി-ജെജെപി സഖ്യ രൂപീകരണം ഉറപ്പായി മണിക്കൂറുകൾക്കകം തന്നെ അദ്ദേഹത്തിന് പരോൾ ലഭിച്ചു.

വെള്ളിയാഴ്ച ദുഷ്യന്ത് പിതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണ് ബിജെപിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. ഇന്ന് ദുഷ്യന്ത് ബിജെപി സഖ്യ സർക്കാറിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഇതിനിടെ അജയ് ചൗട്ടാലക്ക് ജാമ്യം അനുവദിച്ചതിൽ ദില്ലി സർക്കാറിന് പങ്കില്ലെന്ന് വ്യക്തമാക്കി ദില്ലി സർക്കാരിന്‍റെ മാധ്യമ  ഉപദേഷ്ടാവ് നഗേന്ദർ ശർമ ട്വീറ്റ് ചെയ്തു. തീരുമാനമെടുത്തത് ജയിൽ ഡയറക്ടർ ജനറലിന്‍റെ തീരുമാനമാണെന്ന് ട്വീറ്റിൽ പറയുന്നു.

വിവാദമായ അധ്യാപക റിക്രൂട്ട്മെന്‍റെ് കേസിൽ 2013 മുതൽ ജയിലിലാണ് അജയ് ചൗട്ടാല. അദ്ദേഹത്തിന്‍റെ പിതാവും മുന്‍ ഹരിയാന  മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയും മറ്റ് 53 പേരും ഇതേ കേസിൽ ജയിലിലാണ് .