നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ കാണാതായെന്ന് സദ്ഗുരു. തീർത്ഥാടകർ ഉണ്ടായിരുന്ന ഇമിഗ്രേഷൻ ഓഫീസ് പ്രളയത്തിൽ മുങ്ങിയെന്നും സദ്ഗുരു അറിയിച്ചു. ഇവരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ദില്ലി: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ കാണാതായെന്ന് സദ്ഗുരു. കൈലാസ മാനസസരോവർ യാത്ര കഴിഞ്ഞ് മടങ്ങിയ തീർത്ഥാടക സംഘത്തെയാണ് കാണാതായത്. ഇവർ ഇമിഗ്രേഷൻ ഓഫീസിൽ ആയിരുന്നപ്പോഴാണ് മിന്നൽ പ്രളയം ഉണ്ടായതെന്നും ഇമിഗ്രേഷൻ ഓഫീസ് പ്രളയത്തിൽ മുങ്ങിയെന്നും സദ്ഗുരു അറിയിച്ചു. തീർത്ഥാടക സംഘത്തെ ബന്ധപ്പെടാൻ ശ്രമിക്കുന്നതായും സദ്ഗുരു അറിയിച്ചു. യാത്രയുടെ ഭാഗമായ 21 സംഘത്തിലെ 495 പേർ ഇതിനകം സുരക്ഷിതമായി മടങ്ങിയെത്തിയിട്ടുണ്ടെന്നും സദ്ഗുരു പറഞ്ഞു.
743 പേർ ടിബറ്റിലും 148 പേർ നേപ്പാളിലും 77 പേർ ഇമിഗ്രേഷൻ സെന്ററിലും മൂന്ന് വളണ്ടിയർമാർ നേപ്പാളിലെ തിമൂരിലും ആണ് ഉണ്ടായിരുന്നതെന്ന് സദ്ഗുരു എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. വളണ്ടിയർമാരും സപ്പോർട്ട് ടീമുകളും ഉൾപ്പെടെ എല്ലാവരും അതീവ ദുഃഖിതരാണ്. ഗുരു രക്ഷാപ്രവർത്തനത്തിനായി പരമാവധി ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ഇമിഗ്രേഷൻ ഓഫീസിലുണ്ടായിരുന്ന ആളുകളെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപകട സ്ഥലത്തേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരുന്നതിനായി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. എന്തൊക്കെ അപകടസാധ്യതകൾ ഉണ്ടായാലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ തങ്ങൾ സന്നദ്ധരാണെന്നും സദ്ഗുരു അറിയിച്ചു. എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അങ്ങേയറ്റം പ്രയാസമേറിയ ഈ സാഹചര്യത്തിൽ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


