തിരുനെൽവേലി: ജാതി വെറിയുടെ ഇരയായി കൊലചെയ്യപ്പെട്ട തമിഴ്നാട്ടിലെ ഡിവൈഎഫ്ഐ നേതാവ് അശോകിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍. സ്വാതന്ത്ര്യത്തോടെ വഴി നടക്കാനായി പ്രതിഷേധം നടത്തിയ യുവ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ഒഴുകിയെത്തി. ജാതിയുടെ പേരിലുള്ള കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഡിവൈഎഫ്ഐ.

അശോകിന്‍റെ കൊലപാതകത്തെ അപലപിച്ചുകൊണ്ട് ജൂൺ 15ന് രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, സമയബന്ധിതമായും നീതി പൂര്‍വ്വമായുമുള്ള അന്വേഷണം, വധ ഭീഷണിയുണ്ടെന്ന അശോകിന്റെ പരാതിയിൽ നടപടി എടുക്കാത്ത പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉയർത്തി കാണിച്ചാണ്  ഡിവൈഎഫ്ഐ നാളെ രാജ്യ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ചൊവ്വാഴ്‌ച്ച രാത്രിയാണ്  തിരുനെല്‍വെലിക്കപ്പുറത്ത് തച്ചനെല്ലൂര്‍ ഗ്രാമത്തില്‍ വച്ച് അശോക് കൊല്ലപ്പെട്ടത്. എസ് സി വിഭാഗക്കാരനായ പള്ളര്‍ ജാതിയില്‍ പെട്ട അശോകും തേവര്‍ സമുദായത്തില്‍പെട്ടവരും തമ്മില്‍ വഴി നടക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് നടന്ന വാക്കുതര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്.

സംഭവം ഇങ്ങനെ

തച്ചനെല്ലൂര്‍ ഗ്രാമത്തില്‍ ജാതിയുടെ പേരില്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇവിടുത്തെ റോഡിലൂടെ എസ് സി വിഭാഗത്തില്‍ പെട്ടവര്‍ സഞ്ചരിക്കുമ്പോള്‍ തേവര്‍ സമുദായത്തില്‍ പെട്ടവര്‍ ശല്യംചെയ്യുക പതിവാണെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. ഇതിന്‍റെ പേരില്‍ പ്രതിഷേധങ്ങള്‍ നടക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ തിരുനെല്‍വേലി ജില്ലാ ട്രെഷറര്‍ അശോകും അമ്മയും കൂടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. വഴിയില്‍ കൂട്ടംകൂടി നിന്ന തേവര്‍ സമുദായത്തില്‍പെട്ടവര്‍ മാറാന്‍ കൂട്ടാക്കിയില്ല. നിരവധി തവണ ഹോണ്‍ മുഴക്കിയിട്ടും ഇവര്‍ വഴിമാറാതെ നിന്നതോടെ അശോക് ബൈക്ക് മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ അമ്മയുടെ മടിയിലിരുന്ന പുല്ലുകെട്ട് ഒരാളുടെ ദേഹത്ത് തട്ടി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലെത്തുകയും അമ്മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആശുപത്രിയില്‍ ചികിത്സ തേടിയ അശോകും അമ്മയും തച്ചനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പെട്ടു. പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരായ അതിക്രമം തടയുന്ന വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതോടെ സംഭവത്തില്‍ ഒരാള്‍ റിമാന്‍ഡിലായി. ഇതിനിടെ സ്വതന്ത്രമായി വഴി നടക്കാനുള്ള അവകാശത്തിനുവേണ്ടി അശോകിന്‍റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധവും സംഘടിച്ചു. ഇതോടെ തേവര്‍ സമുദായത്തില്‍പെട്ടവര്‍ക്ക് പ്രതികാരം മൂത്തു. അശോകിനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണി മുഴക്കാന്‍ പോലും മടികാട്ടിയില്ല. പൊലീസില്‍ പരാതി പെട്ടെങ്കിലും ആവശ്യമായ സംരക്ഷണം ലഭിച്ചില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് രജീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ജോലിക്ക് പോകാനായി അശോക് രാത്രി ഇറങ്ങിയപ്പോഴാണ് അരുംകൊല അരങ്ങേറിയത്. ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന അശോകിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായെത്തി ആക്രമിച്ചവര്‍ വെട്ടിയും കുത്തിയും കല്ലെടുത്തടിച്ചുമൊക്കെയാണ് യുവ നേതാവിന്‍റെ ജീവനെടുത്തത്. കയ്യിലും കാലിലും കഴുത്തിലും നിറയെ വെട്ടേറ്റു. കല്ലെടുത്ത് മുഖമടക്കം ഇടിച്ച് നശിപ്പിച്ച സംഘം മരണം ഉറപ്പാക്കിയ ശേഷമാണ് മടങ്ങിയത്.

എസ് സി വിഭാഗത്തില്‍പെട്ടവരുടെ പ്രശ്നങ്ങളില്‍ സ്ഥിരമായി ഇടപെടുന്നയാളാണ് അശോക്. വഴി നടക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പ്രതികരിച്ചതാണ് അശോക് ചെയ്ത കുറ്റമെന്നും അതിന്‍റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നും ഡിവൈഎഫ്ഐ നേതാവ് രജീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. തേവര്‍ സമുദായത്തില്‍ പെട്ടവര്‍ പരിഹസിക്കുമ്പോഴും തെറിവിളിക്കുമ്പോഴും എസ് സി വിഭാഗത്തില്‍ പെട്ടവര്‍ പ്രതികരിക്കാറില്ല. പ്രതികരിക്കുന്നവരുടെ അനുഭവം ഇതാകും എന്ന പാഠം എല്ലാവര്‍ക്കും നല്‍കാനുള്ള ശ്രമമാണ് കൊലപാതകമെന്നും രജീഷ് പറയുന്നു. കൊലപാതക ശേഷവും പൊലീസുമായി ഒത്തുകളിക്കുകയാണ് തേവര്‍ സമുദായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു