ഐസ്വാള്‍: മിസോറാമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാവിലെയോടെയാണ് അനുഭവപ്പെട്ടത്. വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. 

പുലര്‍ച്ചെ 4.10 ഓടെയാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിക്ക് സമീപം ചമ്പായി ജില്ലയിലെ സൊഖവ്താര്‍ മേഖലയാണ് പ്രഭവ കേന്ദ്രം. 

സംസ്ഥാന തലസ്ഥാനമായ ഐസ്വാളിലടക്കം നിരവധി സ്ഥലങ്ങളില്‍ ഭൂചലനമുണ്ടായി. നാശനഷ്ടത്തിന്റെ കണക്കുകള്‍ ഇതുവരെ തിട്ടപ്പെട്ടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.