തെര. കമ്മീഷനിലെ ഭിന്നതകളിൽ നൽകിയ വിശദീകരണം തള്ളി പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ ഒപ്പുശേഖരണം തുടങ്ങി. ഫോം 6 അടക്കമുള്ള വിഷയങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പ്രതിഷേധങ്ങൾ മുന്നിൽക്കണ്ട് ആഭ്യന്തര മന്ത്രാലയം ദില്ലിയിൽ സുരക്ഷ ശക്തമാക്കി

ദില്ലി: എസ് ഐ ആറിലും മറ്റ് സുപ്രധാനവിഷയങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകളിൽ വിശദീകരണവുമായി വാർത്താക്കുറിപ്പ് ഇറക്കിയ ശേഷവും പല വിഷയങ്ങളിലും ഇനിയും വ്യക്തതയില്ല. വിശദീകരണത്തില്‍ തൃപ്തരല്ലാത്ത പ്രതിപക്ഷപാർട്ടികൾ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഒപ്പ് ശേഖരണം തുടങ്ങിയിരിക്കുകയാണ്. പൊതുജനങ്ങളുടെ നിലപാട് രാഷ്ട്രപതിയെ അറിയിക്കാനാണ് പ്രതിപക്ഷ നീക്കം. അതേസമയം ജന്തര്‍മന്തറിലടക്കം നടക്കാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ ആഭ്യന്തരമന്ത്രാലയവും നീക്കം തുടങ്ങി. ദില്ലി പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തേയും ചേര്‍ത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് നീങ്ങാനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. സി ജെ പി സമരവുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജാഗ്രത കാട്ടാനും നിർദ്ദേശമുണ്ട്.

വിശദ വിവരങ്ങൾ

വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിലെ അഭിപ്രായ ഭിന്നതയിലെ പരിക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സമ്പൂര്‍ണ്ണ കമ്മീഷന്‍ പ്രഖ്യാപിച്ചെങ്കിലും ചോദ്യങ്ങള്‍ ഇനിയും ബാക്കി. ഫോം 6 ല്‍ രക്ഷിതാക്കളുടെ പോളിംഗ് വിവരങ്ങളടക്കം ചോദിക്കുന്നതില്‍ കമ്മീഷണറായ എസ് എസ് സന്ധു ഒക്ടോബര്‍ 13 ന് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അസംബന്ധ ചോദ്യമെന്ന് അദ്ദേഹത്തിന്‍റെ വിയോജന കുറിപ്പ് നിലനില്‍ക്കേ ചോദ്യം ഒഴിവാക്കിയതായി വിവരമില്ല. എസ് ഐ ആര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്നാണ് കമ്മീഷന്‍ നിലപാട്. ഡിക്ലറേഷന്‍ ഫോം കോടതി അംഗീകരിച്ചെന്ന വാദത്തിലും അവ്യക്തതയുണ്ട്. എസ് ഐ ആര്‍ സംബന്ധിച്ച മെയ് 27 ലെ കോടതി ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നില്ല. ബംഗാളിലെ വോട്ടര്‍മാര്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത് ആരെന്ന കാര്യത്തിലും വ്യക്തതയില്ല. വോട്ടര്‍മാരുടെ പേരുകള്‍ പുനസ്ഥാപിക്കാന്‍ ഗോവ ആവശ്യപ്പട്ട സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനക്ഷമമാകാത്തതിലും വിശദീകരണമില്ല. രണ്ട് കമ്മീഷണര്‍മാരും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട സീനിയര്‍ ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ മനീഷ് ഗാര്‍ഗ്, ഐ ടി വിഭാഗം ഡി ജി സീമ ഖന്ന എന്നിവരുടെ കാര്യത്തിലും മൗനം തുടരുകയാണ്.

അതേസമയം കമ്മീഷന്‍റെ വിശദീകരണത്തില്‍ പ്രതിപക്ഷം തൃപ്തരല്ല. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നടക്കുന്ന ഇന്ത്യ സഖ്യം യോഗത്തിന് മുന്നോടിയായി ഒപ്പ് ശേഖരണം പാര്‍ട്ടികള്‍ തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങളുടെ നിലപാട് രാഷ്ട്രപതിയെ അറിയിക്കാനാണ് നീക്കം. അതേസമയം സര്‍ക്കാരും ജാഗ്രതയിലാണ്. ജന്തര്‍മന്തറിലേക്കുള്ള പ്രവേശം തടഞ്ഞിട്ടുണ്ടെങ്കിലും അവിടെ പ്രതിഷേധ വേദിയാകാനുള്ള സാധ്യത തളളിക്കളയുന്നില്ല. ദില്ലി പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തേയും ചേര്‍ത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് നീങ്ങാനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. സി ജെ പി സമരവുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജാഗ്രത കാട്ടും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം ബി ജെ പിക്ക് പിന്നാലെ സഖ്യകക്ഷിയായ ടി ഡി പി സ്വാഗതം ചെയ്തു. തെറ്റിദ്ധാരണകള്‍ക്ക് വിരാമമായെന്നാണ് ചന്ദ്രബാബു നായിഡു പ്രതികരിച്ചത്.

YouTube video player