തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദങ്ങളിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ സിപിഎം പ്രതിഷേധ മാർച്ച് നടത്തി. എം എ ബേബിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ, കുറ്റക്കാരനായ ഗ്യാനേഷിനെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ചു
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദങ്ങളിലും എസ് ഐ ആർ പ്രക്രിയയിലുമുള്ള പ്രതിഷേധം ശക്തമാക്കി സി പി എം. ദില്ലിയിലെ സി പി എം ആസ്ഥാനമായ എ കെ ജി ഭവന് മുന്നിൽ നിന്ന് ഭഗത് സിങ് സ്മാരകത്തിലേക്ക് ഇടത് നേതാക്കൾ പ്രതിഷേധ മാർച്ച് നടത്തി. സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം എ ബേബി, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരാൻ ഇനി ഒരു നിമിഷം പോലും അവകാശമില്ലെന്ന് ആഞ്ഞടിച്ചു. ജനാധിപത്യ സംവിധാനത്തിൽ കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടും സ്ഥാനത്ത് കടിച്ചുതൂങ്ങിനിൽക്കുന്ന അല്പത്വമാണ് അദ്ദേഹം കാണിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇയാളെ സംരക്ഷിക്കുകയാണെന്നും ബേബി ആരോപിച്ചു. എസ് ഐ ആർ എന്ന ആഭാസ പ്രവൃത്തി അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് പുറമേ പ്രമുഖ വ്യക്തികളെയും ബുദ്ധിജീവികളെയും പൊതുജനങ്ങളെയും അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ വിഷയം ഇന്ത്യ സഖ്യ യോഗത്തിൽ പ്രതിഷേധം ശക്തമാക്കണമെന്ന വികാരം ഉന്നയിക്കാനാണ് സി പി എം തീരുമാനം. നാളെ മറ്റ് ഇടത് പാർട്ടികളെയും അണിനിരത്തി കൂട്ടായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും സി പി എം തീരുമാനിച്ചിട്ടുണ്ട്.
രാജിവയ്ക്കില്ലെന്ന നിലപാടിൽ ഗ്യാനേഷ്
അതേസമയം രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. പ്രതിഷേധം ശക്തമാകുമ്പോഴും വിവാദം തള്ളിക്കളയുന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും ബി ജെ പിയും. ഇന്നലെ പാർട്ടിയുടെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും രാഹുൽ ഗാന്ധിക്കെതിരെ ബി ജെ പി രംഗത്തിറക്കിയിരുന്നു. ദില്ലിയിൽ ഇന്ന് ജെ പി നദ്ദയും രാജിവ് ചന്ദ്രശേറും കോൺഗ്രസ് ആരോപണം ചെറുക്കാൻ വാർത്താസമ്മേളനങ്ങൾ നടത്തി.
