നാലാം ദിവസമാണ് രാഹുലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. ഇന്നത്തെ ചോദ്യം ചെയ്യലും മണിക്കൂറുകള്‍ നീണ്ടേക്കും.
ദില്ലി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധി ഹാജരായി. രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. നാലം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും, സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റാന്‍ രാഹുല്‍ അപേക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് ജനപ്രതിനിധികളും ഭാരവാഹികളും ഉള്‍പ്പെടെ ജന്ദര്‍മന്ദറില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
രാഹുലിനെതിരായ ഇ ഡി നടപടി: ജന്തര്‍മന്തര്‍ പ്രക്ഷുബ്ധം, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുമ്പോള്‍, പ്രതിഷേധവുമായി കോണ്‍ഗ്രസ്. ജന്തര്‍മന്തര്‍ പ്രക്ഷുബ്ധമായിരിക്കുയാണ്. പലയിടത്തും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടക്കുന്നുണ്ട്.. എംപിമാരെയടക്കം പൊലീസ് തടഞ്ഞു. എഐസിസി ആസ്ഥാനത്തേക്കും ജന്തര്‍മന്തറിലേക്കുമുള്ള വഴി ദില്ലി പൊലീസ് അടച്ചു. രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും.
യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരം' രാഹുൽ ഗാന്ധി
നാഷണൽ ഹെറാൾഡ് കേസ്: ചോദ്യം ചെയ്യലിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് .ഓഹരി വാങ്ങുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായി കൊല്‍ക്കത്തയിലുള്ള സ്വകാര്യ കമ്പനി യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരമെന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിൽ പറഞ്ഞതായി ഇഡി വൃത്തങ്ങൾ സൂചന നല്‍കി.സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുൽ ഗാന്ധി ഇഡിയോട് വ്യക്തമാക്കി. യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ അഞ്ച് ലക്ഷം മാത്രം മൂലധന നിക്ഷേപമുള്ള കമ്പനി എങ്ങനെ അസോസിയേറ്റ് ജേർണലിനെ അൻപത് ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു എന്നതും ഈ ഇടപാടിലെ പൊരുത്തു കേടായി ഇഡി കാണുന്നുണ്ട്. രാഹുലിന്‍റെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തത വരുത്താനുണ്ടെന്ന് ഇ ഡി പറയുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള സെക്ഷൻ അൻപതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുലിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്.. ഇ ഡി യു ടെ അസിസ്റ്റന്‍റ് ഡയറക്ടർ പദവിയുള്ള അന്വേഷണ ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്.
അധികാര ദുര്‍വിനിയോഗത്തിലൂടെ കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്ന് കരുതുന്നോ? മോദി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍: സുധാകരൻ
കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും ദേശീയ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തി രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുകയാണ് മോദി സര്‍ക്കാരെന്ന് k.സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബി ജെ പി മുദ്രവാക്യത്തിന്റെ ഭാഗമാണ് ഇ ഡി നടപടി. കള്ളക്കേസെടുത്ത് സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും തേജോവധം ചെയ്ത് കോണ്‍ഗ്രസ് മുക്തഭാരതമെന്ന അജണ്ടക്ക് വേഗം പകരാമെന്ന് ബി ജെ പി കരുതുന്നു. നെഹ്‌റുവിന്റെ സ്മരണ പോലും ബി ജെ പിയും സംഘപരിവാറും ഭയപ്പെടുന്നു. ബി ജെ പിയുടെ രാഷ്ട്രീയ പാപ്പരത്തിന് തെളിവാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പ്രതികാര നടപടി. നാഷണല്‍ ഹെറാള്‍ഡ് കേസ് 2014 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ച് തെളിവ് കണ്ടെത്താന്‍ സാധിക്കാതെ അവസാനിപ്പിച്ച കേസാണ്. ഈ കേസില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്റെ തരിമ്പ് പോലും ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.
