Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാജസ്ഥാനില്‍ വ്യാപക ഇഡി റെയ്ഡ്, തോല്‍വി തടയാനുള്ള ബിജെപിയുടെ അടവെന്ന് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നതിന് ജനം മറുപടി നൽകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ

ED Raid in congress leaders houses in Rajasthan
Author
First Published Oct 26, 2023, 1:03 PM IST

ജയ്പൂര്‍: നിയമസഭ തെര‍ഞ്ഞെടുപ്പ് നടക്കവേ രാജസ്ഥാനില്‍  എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ നടപടി.   പിസിസി അധ്യക്ഷന്‍റെ വസതിയില്‍ പരിശോധന നടത്തിയ ഇഡി,  ഫെമ കേസില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മകന് സമൻസ് അയച്ചു.  രാജസ്ഥാനില്‍ തോല്‍വി തടയാനുള്ള ബിജെപിയുടെ അവസാന അടവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍  മല്ലികാർജ്ജുൻ ഖാർഗെ വിമർശിച്ചു.

രാജസ്ഥാനില്‍ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊത്താസ്രയുടെ വസതി ഉള്‍പ്പെടെ ഏഴ് സ്ഥലങ്ങളിലാണ്  ഇഡി റെയ്ഡ‍് നടത്തുന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ കേസിലാണ് ഇ‍ഡി നടപടി.  സ്വതന്ത്ര എംഎല്‍എ ഓംപ്രകാശ് ഹുഡ‍്ലയുടെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. ഇതിനിടെ തന്‍റെ മകന് ഇഡി വിദേശ നാണ്യ വിനിമയ കേസില്‍ ചോദ്യം ചെയ്യാൻ സമന്‍സ് അയച്ചുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.  തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള രാജസ്ഥാനിലെ  അന്വേഷണ ഏജൻസിയുടെ നടപടി രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്.   സ്ത്രീകള്‍ക്ക് പ്രതിവർഷം 10000 രൂപ നല്കുമെന്ന വാഗ്ധാനം ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  ഇന്ന് റെയ്ഡും സമൻസും വരുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. തെരഞ്ഞെടുപ്പ് അടക്കുന്പോള്‍  അന്വേഷണ ഏജന്‍സികള്‍ ബിജെപി നേതാക്കളാകുമെന്നും ഏജൻസികളെ ദുരുപയോഗിക്കുന്നതിന് ജനം മറുപടി നൽകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രതികരിച്ചു.

2022 ലെ രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷന്‍ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് ഇഡി  നടപടിയടുക്കുന്നത്.  ഫെമ കേസില്‍ നാളെ  ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഗെലോട്ടിന്‍റെ മകൻ വൈഭവിന് നല്‍കിയിരിക്കുന്ന സമൻസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  നിയമസഭ തെരഞ്ഞെടുപ്പില്‍ പിസിസി അധ്യക്ഷൻ ദോതാസ്ര ലക്ഷ്ണണ്‍ഘട്ടിലും  ഹുഡ്ല മാവയിലും മത്സരിക്കുന്നുണ്ട്.

 

 

 

Follow Us:
Download App:
  • android
  • ios