നവംബര്‍ 26 ന് ഇ ഡി ദില്ലി റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച മദ്യനയ കേസിലെ കുറ്റപത്രത്തില്‍ മനീഷ് സിസോദിയയുടെ പേര് ഉണ്ടായിരുന്നില്ല.  


ദില്ലി:  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി നീക്കം. ദില്ലി മദ്യനയ കേസിലെ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. സിസോദിയയെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചതായി ഇ ഡി വൃത്തങ്ങള്‍ വെളിപ്പെടുത്തി. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ ആംആദ്മി പാര്‍ട്ടിയ്ക്ക് ലഭിച്ചവെന്ന വിവരമാണ് ഇ ഡി പരിശോധിക്കുന്നത്. 

അതേ സമയം നവംബര്‍ 26 ന് ഇ ഡി ദില്ലി റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച മദ്യനയ കേസിലെ കുറ്റപത്രത്തില്‍ മനീഷ് സിസോദിയയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍, മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായർ ഉൾപ്പടെയുള്ള ഏഴ് പേരെ പ്രതി ചേർത്ത് സിബിഐയും മദ്യനയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലും മനീഷ് സിസോദിയയുടെ പേരുണ്ടായിരുന്നില്ല. 

YouTube video player

എപി സര്‍ക്കാര്‍ കൊണ്ടുവന്ന ദില്ലി മദ്യ നയം ഏറെ വിവാദമായിരുന്നു. ഇതെ തുടര്‍ന്ന് പുതിയ മദ്യനയം ദില്ലി സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, പുതുക്കിയ മദ്യം നയം വഴി ഏതെങ്കിലും മദ്യ വിതരണക്കാര്‍ക്ക് എതെന്തിങ്കുലും തരത്തില്‍ ഗുണം ചെയ്യാന്‍വേണ്ടി മദ്യനയത്തില്‍ ഇടപെടലുകള്‍ വരുത്തിയിരുന്നോ എന്നാണ് ഇ ഡിയും സിബിഐയും പ്രധാനമായും അന്വേഷിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് 3000 പേജുള്ള കുറ്റപത്രമായിരുന്നു ഇ ഡി സമര്‍പ്പിച്ചത്. ഈ കുറ്റപത്രത്തിലെവിടെയും സിസോദിയയ്ക്ക് പങ്കുള്ളതായി പറഞ്ഞിരുന്നില്ല. എന്നാല്‍, പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സിസോദിയയെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ഇ ഡിയുടെ ആവശ്യം.

എക്സൈസ് വകുപ്പ് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. മനീഷ് സിസോദിയയായിരുന്നു ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍, ഈ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും സിസോദിയയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. 


കൂടുതല്‍ വായനയ്ക്ക്: ദില്ലി മദ്യനയ കേസ്, ഇഡി കുറ്റപത്രത്തിലും മനീഷ് സിസോദിയയുടെ പേരില്ല

കൂടുതല്‍ വായനയ്ക്ക്: ദില്ലി മദ്യനയ കേസ്; സിസോദിയയെ ഒഴിവാക്കി സിബിഐയുടെ കുറ്റപത്രം; മലയാളി വ്യവസായി അടക്കം 7 പേരെ പ്രതി ചേർത്തു