മുംബൈ: വിവാദ മുസ്ലിം പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുംബൈ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാക്കിര്‍ നായിക്കിന്‍റേതായി 193 കോടി വിലവരുന്ന ആസ്തികളാണ് കണ്ടെത്തിയത്. സാക്കിര്‍ നായിക്കിനെതിരെയുള്ള രണ്ടാമത്തെ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കുന്നത്. നേരത്തെ 50.46 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. 

2016ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സ്ഫോടനം നടത്താന്‍ തന്നെ സ്വാധീനിച്ചത് സാക്കിര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങളാണെന്ന് അന്വേഷണ ഏജന്‍സിയോട് പറഞ്ഞിരുന്നു. തുടര്‍ന്ന്, ഇന്ത്യ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനായി മലേഷ്യയിലാണ് താമസിക്കുന്നത്. 2016ലാണ് സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎ കേസെടുക്കുന്നത്. 

തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ലെന്നും സാമാധാനത്തിനും ഒത്തൊരുമയ്ക്കും വേണ്ടിയാണ് എല്ലാക്കാലവും വാദിച്ചതെന്നുമാണ് സാക്കിര്‍ നായിക്കിന്‍റെ വിശദീകരണം. മാധ്യമങ്ങള്‍ തന്‍റെ പ്രസംഗങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചെന്നും തന്നെ  തീവ്രവാദിയും കള്ളപ്പണം വെളുപ്പിക്കുന്നവനുമായി ചിത്രീകരിക്കുകയായിരുന്നുവെന്നും സാക്കിര്‍ നായിക് പറഞ്ഞിരുന്നു.