ഇഡി സംഘത്തെ കാസിനോ കപ്പലുകളിൽ കയറാൻ അനുവദിക്കാതെ കപ്പൽ ജീവനക്കാർ. ഒടുവിൽ രക്ഷയ്ക്കെത്തി പൊലീസ് സംഘം.
പനാജി: ഗോവൻ തീരത്ത് കാസീനോ കപ്പലുകളിൽ റെയ്ഡിനെത്തിയ ഇഡി സംഘത്തെ തട്ടിപ്പ് സംഘമെന്ന് കരുതി തടഞ്ഞ് ജീവനക്കാർ. ഒടുവിൽ റെയ്ഡ് നടന്നത് പ്രാദേശിക പൊലീസ് സഹായത്തോടെയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കർണാടകയിൽ നിന്നുള്ള എൻഫോഴ്സ്മെന്റ് സംഘമാണ് ബുധനാഴ്ച ഗോവയിൽ കാസിനോയിൽ റെയ്ഡിനെത്തിയത്. എന്നാൽ കാസിനോ കപ്പലുകളിൽ കയറാൻ ജീവനക്കാർ ഇഡി ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. പറ്റിച്ച് പണം തട്ടാനെത്തിയ സംഘമെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതിന് പിന്നാലെ ഗോവ പൊലീസ് സഹായത്തോടെയാണ് ഇഡി സംഘം റെയ്ഡ് പൂർത്തിയാക്കിയത്.
ഗോവൻ തീരത്തുള്ള കാസിനോ കപ്പലുകളിലെ സാമ്പത്തിക ഇടപാട് പരിശോധിക്കാനും ജീവനക്കാർ അടക്കമുള്ളവരെ ചോദ്യം ചെയ്യാനും ലക്ഷ്യമിട്ടായിരുന്നു ഇഡി സംഘമെത്തിയത്. എന്നാൽ കപ്പലിലേക്ക് സംഘത്തെ കടക്കാൻ അനുവദിക്കാതെ ജീവനക്കാർ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച ഉച്ച തിരിഞ്ഞാണ് ഇഡി സംഘം ലോക്കൽ പൊലീസിൽ സഹായം തേടിയത്. ഉടൻ തന്നെ ഇഡി സംഘത്തിന് പൊലീസ് നൽകിയെന്നുമാണ് സംസ്ഥാന പൊലീസിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ഓൺലൈൻ കാസിനോകളുടെ മറവിൽ തട്ടിപ്പ് നടത്തിയിരുന്ന കേന്ദ്രങ്ങൾക്ക് വിലക്കുമായി ഫിലിപ്പീൻസ്
ടാക്സ് രേഖകൾ അടക്കമുള്ള വിവരങ്ങളാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചത്. ചില നിക്ഷേപങ്ങളെക്കുറിച്ച് പരാതി ഉയർന്ന് ഒരു വർഷത്തിന് ശേഷമാണ് ആറ് കാസിനോകളിൽ പരിശോധന നടക്കുന്നത്. കള്ളപ്പണ ഇടപാട് വ്യാപകമായി നടക്കുന്നുവെന്ന സൂചനയാണ് പരിശോധനയിൽ പ്രാഥമികമായി ലഭ്യമായിട്ടുള്ളത്. ഒരു ആഴ്ച മുൻപാണ് ഗോവയിൽ നിന്നുള്ള ഇഡി സംഘം ഇവിടെ പരിശോധന നടത്തിയത്. ഇതിൽ നിരവധി പേർ അറസ്റ്റിലായിരുന്നു.
