നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ശക്തമായ പ്രതിഷേധം ഇന്നും തുടരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ദില്ലി; നാഷണല്‍ ഹെറാല്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രാഹുല്‍ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. എഐസിസി ആസ്ഥാനത്തേക്കുള്ള വഴി ദില്ലി പോലീസ് അടച്ചിരിക്കുകയാണ്. ജന്ദര്‍മന്ദറിലാണ് ഇന്ന് പ്രതിഷേധ വേദി തയ്യാറാക്കിയിരിക്കുന്നത്. എംപിമാരടക്കമുള്ള നേതാക്കളെ വേദിയിലേക്ക് എത്തുന്നതില്‍ നിന്ന് പോലീസ് തടയുന്നുവെന്ന ആക്ഷേപം കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.കോൺഗ്രസിൻ്റെ ഉയർത്തെഴുന്നേൾപ്പിന് ഈ ഫാസിസ്റ്റ് ഭരണം സാക്ഷിയാകുമെന്ന് പ്രതിഷേധ വേദിയിലെത്തിയ വിഡി സതീശന്‍ വ്യക്തമാക്കി.ശക്തമായ പ്രതിഷേധം ഇന്നും തുടരും.പ്രവർത്തകരെ ഇങ്ങോട്ട് വരാൻ പോലും അനുവദിക്കാത്ത ദില്ലി പോലീസിന്‍റെ നടപടയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയുടെ അനാരോഗ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ,രാഹുല്‍ഗാന്ധിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും രാഹുലിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. 

3 ദിനം, 30 മണിക്കൂർ, നൂറോളം ചോദ്യങ്ങൾ, ഇഡി കാട്ടിയ രേഖകൾ നിഷേധിച്ച് രാഹുൽ; ഭാവി എന്താകും?

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം.

നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാലം നാളിലേക്ക നീളുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. മൂന്ന് ദിവസം കൊണ്ട് മുപ്പത് മണിക്കൂറോളമാണ് കോൺഗ്രസ് മുൻ അധ്യക്ഷനെ ഇ ഡി ചോദ്യം ചെയ്തത്. നൂറിനടുത്തുള്ള ചോദ്യങ്ങളും രാഹുലിന് നേരെ ഉയർന്നു. സാമ്പത്തിക രേഖകൾ കാട്ടിയും ഇ ഡി രാഹുലിനെ ചോദ്യം ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം രാഹുൽ നിസ്സംശയം നിഷേധിച്ചു. രാഷ്ട്രീയ പകപോക്കൽ എന്ന നിലയിൽ കോൺഗ്രസ് പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. മൂന്ന് നാൾ രാഹുലിനെ ചോദ്യം ചെയ്തപ്പോഴും പ്രവ‍ർത്തകരും നേതാക്കളും പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ചോദ്യം ചെയ്യലിന്‍റെ നാലാം നാളായ ഇന്ന് രാഹുൽ ഗാന്ധിയുടെ ഭാവി തീരുമാനിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും. 2012 ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇ ഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നണ് കേസിന് ആസ്‍പദമായ പരാതി.