Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപ് ബോട്ടപകടം; എട്ടുപേരെ കണ്ടെത്തി, സുരക്ഷിത സ്ഥലത്തേക്ക് മാറ്റി, ഒരാളെക്കുറിച്ച് വിവരമില്ല

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. 

eight fishermen caught in  Lakshadweep boat accident were rescued
Author
Kavaratti, First Published May 16, 2021, 4:40 PM IST

കവരത്തി: ലക്ഷദ്വീപിന് സമീപം കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ എട്ടുപേരെ കടമത്ത് ദ്വീപിലെ ഒറ്റപ്പെട്ട മേഖലയിൽ നിന്നാണ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയത്. ശക്തമായ കാറ്റിൽ ബോട്ട് മുങ്ങിയതോടെ ദ്വീപിലേക്ക് ഇവർ നീന്തി കയറുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒരാളെ കുറിച്ച് വിവരമില്ല.

ഇന്നലെ രാവിലെയാണ് ബിത്ര ദ്വീപിന് സമീപം മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങിയത്. നാഗപ്പട്ടണം സ്വദേശി മണിവേലിന്‍റെ ബോട്ടായിരുന്നു അപകടത്തിൽപ്പെട്ടത്. കോസ്റ്റ് ഗാർഡും നാവിക സേനയും കാണാതായ ഒന്‍പത് പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെയാണ് കടമത്ത് ദ്വീപിൽ ഇവർ സുരക്ഷിതരാണെന്ന വിവരം ലഭിച്ചത്. കോസ്റ്റ്ഗാർഡ് കപ്പലിൽ സംഘത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 

ബോട്ട് മുങ്ങിയതോടെ ഒന്‍പത് പേരും നീന്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് മത്സ്യബന്ധന ബോട്ടുകളിലെ ആളുകളെയും രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഈ ബോട്ടുകളും കടമത്ത് ദ്വീപിൽ സുരക്ഷിതമായി അടുപ്പിക്കുകയായിരുന്നു. ആൾത്താമസമില്ലാത്ത മേഖലയായിരുന്നു ഇത്. വൈദ്യുതിയും മൊബൈൽ നെറ്റ്‍വര്‍ക്കും നിലച്ചിതിനാൽ കോസ്റ്റ്ഗാർഡിന് ഇവരെ ഇന്ന് ഉച്ചയോടെയാണ് ബന്ധപ്പെടാനായത്. 

കന്യാകുമാരിയിലെ കടൽ തീരങ്ങളിലും തിരച്ചിൽ തുടങ്ങിയിരുന്നു. രക്ഷപ്രവർത്തനങ്ങൾക്കായി കൊച്ചിയിൽ നിന്ന് കോസ്റ്റ്ഗാർഡിന്‍റെ കപ്പലും ലക്ഷദ്വീപിലെത്തി. എട്ടംഗ സംഘത്തെ ഉടൻ കൊച്ചിയിലെത്തിക്കും. ഈ മാസം ഒന്നിന് വൈപ്പിനിൽ നിന്നാണ് അപകടത്തിൽപ്പെട്ട ആണ്ടവൻ തുണൈ എന്ന മത്സ്യ ബന്ധന ബോട്ട് ലക്ഷദ്വീപിലേക്ക് പോയത്.

Follow Us:
Download App:
  • android
  • ios