എൽ നിനോ പ്രതിഭാസം കാരണം മഴയുടെ അളവ് 90 ശതമാനമായി കുറയാൻ സാധ്യതയുണ്ടെന്നും ഇത് കൊടും ചൂടിനും കുടിവെള്ളക്ഷാമത്തിനും കാരണമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴ ശരാശരിയിലും കുറവായിരിക്കുമെന്നാണ് നിഗമനം.
ദില്ലി: രാജ്യത്ത് കാലവർഷമെത്താൻ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഔദ്യോഗിക കാലാവർഷ പ്രഖ്യാപന തീയതിക്കായി ഇനിയും കാത്തിരിക്കണം. അടുത്ത 7 ദിവസത്തിനുള്ളിൽ മൺസൂൺ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഔദ്യോഗിക സൂചന. അതേസമയം രാജ്യത്ത് കാലവർഷത്തെ കാത്തിരിക്കുന്നത് എൽ നിനോ പ്രതിഭാസമാണെന്നും റിപ്പോർട്ടുകളുണ്ട്. എൽ നിനോയുടെ വരവ് ഇന്ത്യക്ക് ഭീഷണിയാകും. മൺസൂൺ എത്താൻ വൈകുന്നത് കൊണ്ടുതന്നെ കൊടും ചൂടും കുടിവെള്ളപ്രശ്നവും രാജ്യത്ത് നേരിട്ട് തുടങ്ങി. എൽ നിനോ പ്രതിഭാസം രാജ്യത്തെ ബാധിച്ചാൽ കാലവർഷം 90 ശതമാനമായി കുറയുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പറയുന്നത്.
ഐഎംഡിയുടെ പുതിയ അറിയിപ്പനുസരിച്ച് കേരളമടക്കം ദക്ഷിണേന്ത്യയിലും മഴ ശരാശരിയിലും കുറവായിരിക്കുമെന്നാണ് നിഗമനം. ദീർഘകാല ശരാശരിയുടെ 90% മാത്രമായിരിക്കും രാജ്യത്തെ മഴയുടെ ലഭ്യത. ഏപ്രിൽ 30 നു പുറത്തുവിട്ട പ്രവചനത്തിലും മഴ കുറയുമെന്ന സൂചന ഐഎംഡി നൽകിയിരുന്നു. രാജ്യത്താകെ ഇത്തവണത്തെ കാലവർഷം സാധാരണയിൽ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണ നില തുടരുമെന്നും അതിന് ശേഷം മൺസൂൺ കാലയളവിൽ എൽ നിനോ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഏപ്രിലിൽ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
എന്താണ് എൽ നിനോ പ്രതിഭാസം
പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി ഉയരുന്നതിനെയാണ് എൽ നിനോ (El Nino) എന്ന് വിളിക്കുന്നത്. ആഗോളതലത്തിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളും കടുത്ത വരൾച്ചയ്ക്കും ഇത് കാരണമാകുന്നു. ഒരു ദശകത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം ആഗോളതലത്തിൽ അന്തരീക്ഷ ചംക്രമണത്തെ അടിമുടി മാറ്റുകയും പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്യുന്നു. 2015-16 കാലഘട്ടത്തിൽ ഉണ്ടായ റെക്കോർഡ് ഭേദിച്ച എൽ നിനോയേക്കാൾ കരുത്തനായിരിക്കും 2026ലേത് എന്നാണ് ശാസ്ത്രലോകം ഭയക്കുന്നത്. 2026 മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ എൽ നിനോ ഉണ്ടാകാനുള്ള സാധ്യത 82% ആണെന്നും വർഷാവസാനം വരെ ഇത് നിലനിൽക്കാനുള്ള സാധ്യത 96% ആണെന്നും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) കണക്കാക്കുന്നു.


