Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൊവിഡ് മാർഗ്ഗനിർദ്ദേശം എതിർത്ത് കോൺഗ്രസ്

പോസ്റ്റൽ ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം കമ്മീഷൻ തള്ളിയിരുന്നു. നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ ബാലറ്റ് നൽകിയത് തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

election commission covid directives opposed by congress
Author
Delhi, First Published Aug 21, 2020, 10:09 PM IST

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശം എതിർത്ത് കോൺഗ്രസ്. സർക്കാരിന്‍റെ നിർദ്ദേശം കമ്മീഷൻ അംഗീകരിച്ചുവെന്നും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ ബാലറ്റ് നൽകിയത് തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. 

പോസ്റ്റൽ ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം കമ്മീഷൻ തള്ളിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും അവശ്യസര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം നൽകുമെന്നും വീട് വീടാന്തരമുള്ള പ്രചാരണത്തിന് സ്ഥാനാര്‍ത്ഥിക്കാപ്പം അഞ്ചുപേരെ അനുവദിക്കുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗനിർദ്ദേശം.

ബിഹാര്‍ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ലക്ഷ്യം വെച്ചാണ് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക നൽകാനെത്തുമ്പോൾ സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരേ പാടുള്ളു. ഓണ്‍ലൈനായി പത്രിക പൂരിപ്പിച്ച ശേഷം റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നിൽ നിന്ന് പ്രിന്‍റ് എടുത്ത് നൽകണം. കെട്ടിവെക്കുന്ന തുക ഓണ്‍ലൈനായി അടക്കാം. 

വീടുകൾ കയറിയുള്ള പ്രചാരണത്തിൽ സ്ഥാനാര്‍ത്ഥിക്കൊപ്പം അഞ്ച് പേരെ പാടുള്ളു. റോഡ് ഷോകളിൽ ഓരോ അരമണിക്കൂറിലും അഞ്ച് വാഹനങ്ങൾക്ക് മാത്രമാണ് അനുമതി. പൊതുയോഗമോ റാലിയോ ജില്ലാ മജിസ്ട്രേറ്റ് നിശ്ചയിക്കുന്ന ഗ്രൗണ്ടുകളിൽ സാമൂഹിക അകലം പാലിച്ച് നടത്താം. 80 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പോസ്റ്റൽ ബാലറ്റ് നൽകും. 

കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിൽ കഴിയുന്നവര്‍ക്കും അവശ്യ സര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കും. ഒരു പോളിംഗ് ബൂത്തിൽ പരമാവധി ആയിരം വോട്ടര്‍മാര്‍ മാത്രമായി നിജപ്പെടുത്തും. രജിസ്റ്ററിൽ ഒപ്പിടാനും ഇവിഎമ്മിൽ വോട്ട് രേഖപ്പെടുത്താനും കയ്യുറ നൽകും. പനിയോ, ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവര്‍ക്ക് അവസാന മണിക്കൂറിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്യുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios