സ്ത്രീകളുടെ അക്കൗണ്ടിൽ 2500 രൂപ പോയിട്ട് 25 പൈസ പോലും വന്നിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ അതിഷി പണം എപ്പോൾ വരുമെന്നും ബിജെപി നേതൃത്വത്തോട് ചോദ്യമുയർത്തി.

ദില്ലി: ദില്ലിയിലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് അതിഷി മർലിന. സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി ഇതുവരെ പാലിച്ചില്ലെന്നാണ് വിമർശനം. സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന 'മോദിയുടെ ഗ്യാരണ്ടി' ഒരുവർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ലെന്ന് അതിഷി ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീകളുടെ അക്കൗണ്ടിൽ 2500 രൂപ പോയിട്ട് 25 പൈസ പോലും വന്നിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ അതിഷി പണം എപ്പോൾ വരുമെന്നും ബിജെപി നേതൃത്വത്തോട് ചോദ്യമുയർത്തി.

2025 ജനുവരിയിൽ ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി, 2025 മാർച്ച് എട്ടിന് എല്ലാ സ്ത്രീകൾക്കും അക്കൗണ്ടിൽ 2500 രൂപ വീതം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിരുന്നു. മോദിയുടെ ഗ്യാരണ്ടി എന്നാണ് പറഞ്ഞിരുന്നത്. മോദിജി... 2026 മാർച്ച് എട്ടും കഴിഞ്ഞു, പക്ഷേ ദില്ലിയിലെ സ്ത്രീകളുടെ അക്കൗണ്ടിൽ 25 പൈസ പോലും എത്തിയിട്ടില്ലെന്നാണ് അതിഷിയുടെ വിമർശനം.

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത പശ്ചിമ ബംഗാളിൽ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തെയും അതിഷി പരിഹസിച്ചു. ബംഗാളിലെ സ്ത്രീകൾക്ക് പണം നൽകുമെന്നാണ് രേഖ ഗുപ്ത പറഞ്ഞത്. അവർ ദില്ലിയിലെ സ്ത്രീകളെ വഞ്ചിച്ചു. വ്യാജ വാഗ്ദാനം നൽകിയാണ് വോട്ട് നേടിയത്. തങ്ങൾക്ക് എപ്പോൾ 2500 രൂപ ലഭിക്കുമെന്ന് ദില്ലിയിലെ സ്ത്രീകൾ ചോദിക്കുകയാണെന്നും അതിഷി പറഞ്ഞു. പൊതുസേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് നിയന്ത്രിച്ച് ദില്ലിയിലെ സ്ത്രീകളെ ബിജെപി ബുദ്ധിമുട്ടിക്കുകയാണെന്നും അതിഷി ആരോപിച്ചു. സൗജന്യ ടിക്കറ്റുമായി ഡിറ്റിസി ബസുകളിൽ സുഖമായി യാത്ര ചെയ്ത സ്ത്രീകൾ ഇപ്പോൾ പിങ്ക് കാർഡിന് വേണ്ടി ക്യൂ നിൽക്കുകയാണ്. ബിജെപി 150 ഓളം മൊഹല്ല ക്ലിനിക്കുകൾ പൂട്ടിയതോടെ സൗജന്യമായി മരുന്നുകളും ചികിത്സയും ലഭിച്ചിരുന്ന സ്ത്രീകൾ ബുദ്ധിുമുട്ടുകയാണ്. മറ്റുള്ള മൊഹല്ല ക്ലിനിക്കുകളും അവർ പൂട്ടുമെന്നും അതിഷി അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം