'പാര്‍ട്ടികളില്‍ പാമ്പിന്റെ വിഷം' പരാമര്‍ശം: മനേക ഗാന്ധിക്കെതിരെ യൂട്യൂബര്‍
പാമ്പുകളെ വിതരണം ചെയ്യുന്നവരുടെ തലവന്‍ എന്നാണ് മനേക തന്നെ വിശേഷിപ്പിച്ചത്. അവരെ വെറുതെ വിടില്ല. മുന്‍പ് പലരും എന്തെങ്കിലുമൊക്കെ പറയുമായിരുന്നെങ്കിലും പ്രതികരിച്ച് സമയം കളയേണ്ടെന്നായിരുന്നു നിലപാടെന്നും എൽവിഷ്.

ദില്ലി: നിശാ പാര്‍ട്ടികളില്‍ പാമ്പിന്റെ വിഷം വിതരണം ചെയ്‌തെന്ന മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ യൂട്യൂബര്‍ എല്‍വിഷ് യാദവ്. മനേകയുടെ പരാമര്‍ശം പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞാണ് എല്‍വിഷ് രംഗത്തെത്തിയത്. മനേക ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും എല്‍വിഷ് അറിയിച്ചു. പാമ്പുകളെ വിതരണം ചെയ്യുന്നവരുടെ തലവന്‍ എന്നാണ് മനേക തന്നെ വിശേഷിപ്പിച്ചത്. അവരെ വെറുതെ വിടില്ല. മുന്‍പ് പലരും എന്തെങ്കിലുമൊക്കെ പറയുമായിരുന്നെങ്കിലും പ്രതികരിച്ച് സമയം കളയേണ്ടെന്നായിരുന്നു നിലപാട്. എന്നാല്‍ മനേകയുടെ പരാമര്‍ശം തന്നെ കരിയറിനെ ബാധിച്ചെന്നും എല്‍വിഷ് പറഞ്ഞു.
ഗുരുഗ്രാം സ്വദേശിയായ എല്‍വിഷിനെതിരെ കഴിഞ്ഞദിവസമാണ് ആരോപണം ഉയര്‍ന്നത്. പാമ്പിന്‍ വിഷവും പാമ്പുകളുമായി ലഹരി പാര്‍ട്ടി നടത്തിയെന്നായിരുന്നു മൃഗസംരക്ഷണ എന്‍ജിഒയുടെ ആരോപണം. പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പാമ്പിന്‍ വിഷവും പാമ്പുകളെയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു. എല്‍വിഷ് യാദവ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ ഷൂട്ട് ചെയ്യാന്‍ പാമ്പുകളെ ഉപയോഗിച്ചു. റേവ് പാര്‍ട്ടികളില്‍ പങ്കെടുത്തവരാണ് പാമ്പിന്റെ വിഷം എടുത്തതെന്നും വിദേശ പൗരന്മാരും പാര്‍ട്ടിയില്‍ പങ്കെടുത്തു. പ്രതികളില്‍ നിന്ന് കണ്ടെടുത്ത പാമ്പുകളെ വനം വകുപ്പിന് കൈമാറിയതായും പൊലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ എല്‍വിഷ് അടക്കം എട്ടു പേര്‍ക്കെതിരെ നോയിഡ പൊലീസ് കേസെടുത്തിരുന്നു. വന്യജീവി സംരക്ഷണം നിയമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്.
പിന്നാലെ ആരോപണങ്ങളെ തള്ളി എല്‍വിഷ് രംഗത്തെത്തിയിരുന്നു. പൊലീസിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. അന്വേഷണത്തിന് പൊലീസുമായി സഹകരിക്കാന്‍ തയ്യാറാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും എല്‍വിഷ് പറഞ്ഞിരുന്നു. ആരോപിക്കപ്പെട്ട നിശാ പാര്‍ട്ടികളുമായി തനിക്ക് ബന്ധവുമില്ലെന്നും എല്‍വിഷ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ രാജസ്ഥാനിലെ കോട്ടയില്‍ വച്ച് എല്‍വിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.
ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റമില്ല; സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഓറഞ്ച് അലർട്ട്