ശ്രീ വെങ്കിടേശ്വര മറ്റേണിറ്റി ആന്റ് ക്ലിനിക് താൽക്കാലികമായി അടപ്പിച്ചു, ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ വീണ റെഡ്ഢി കസ്റ്റഡിയിൽ

ബെലഗാവി: കർണാടകത്തിലെ ബെലഗാവിയിൽ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി പൊലീസ് അടപ്പിച്ചു. ശ്രീ വെങ്കിടേശ്വര മറ്റേണിറ്റി ആന്റ് ക്ലിനിക് എന്ന ആശുപത്രിയാണ് താൽക്കാലികമായി അടപ്പിച്ചത്. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ വീണ റെഡ്ഢിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. 

നേരത്തെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഭ്രൂണങ്ങൾ ഗർഭഛിദ്രം നടത്തിയതല്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ രംഗത്തെത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം വളർച്ചയില്ലാത്ത ഭ്രൂണങ്ങളായിരുന്നു ഇവയെന്നും ഗവേഷണത്തിനായി സൂക്ഷിച്ചതായിരുന്നുവെന്നുമാണ് വിശദീകരണം. പുതിയ കെട്ടിടത്തിലേക്ക് ലാബ് മാറ്റുന്നതിനിടെ ജീവനക്കാർ അബദ്ധത്തിൽ ഉപേക്ഷിച്ചതാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിയിൽ പൊലീസ് റെയ‍്ഡ് നടത്തിയത്. 

ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു. അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളാണിതെന്നും ലിംഗ നിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നുമാണ് നിഗമനം. നാട്ടുകാരാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്ക്കും ഗ്ലൗസും കണ്ടെത്തിയിരുന്നു.