Asianet News MalayalamAsianet News Malayalam

പെഗാസസ് ഫോൺ ചോർത്തൽ: പാർലമെന്റ് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം, ഇരുസഭകളിലും നോട്ടീസ്

പാർലമെന്റിന്റെ ഇരുസഭകളിലും ഫോൺചോർത്തൽ മുഖ്യവിഷയമായി ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. 

emergency motion notice in lok sabha on pegasus phone tapping
Author
Delhi, First Published Jul 19, 2021, 8:53 AM IST

ദില്ലി: രാജ്യത്തെ പിടിച്ചുലച്ച പെഗാസസ് ഫോൺ ചോർത്തൽ പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷം. വിവാദവിഷയത്തിൽ ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രനാണ് നോട്ടീസ് നൽകിയത്. കോൺഗ്രസും അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി തേടി നോട്ടീസ് നൽകിയിട്ടുണ്ട്. ചർച്ച ആവശ്യപ്പെട്ട് ഇടത് എംപി ബിനോയ് വിശ്വം രാജ്യസഭയിലും നോട്ടീസ് നൽകിയിട്ടുണ്ട്. പാർലമെന്റിന്റെ ഇരുസഭകളിലും ഫോൺചോർത്തൽ മുഖ്യവിഷയമായി ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. 

മോദി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ അടക്കമുള്ള ഉന്നതരുടെ ഫോണുകള്‍ ചോർത്തിയ വിവരം ഇന്നലെ രാത്രിയാണ് പുറത്തുവന്നത്. ഇസ്രയേലി സ്പൈവയർ പെഗാസസ് ഉപയോഗിച്ചാണ് ഫോണുകൾ ചോർത്തിയതെന്നാണ് വെളിപ്പെടുത്തല്‍. വിവിധ രാജ്യങ്ങളിലെ പതിനാറ് മാധ്യമങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. രാഷ്രട്രീയക്കാര്‍ അടക്കമുള്ളവരെ നിരീക്ഷിക്കാന്‍ സർക്കാരുകള്‍ ആണ് പെഗാസസ് ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടത്തല്‍.

'സർക്കാർ നിഷേധിച്ചാലും വസ്തുത നിലനിൽക്കും', ഫോൺ ചോർന്നവരിൽ മലയാളി മനുഷ്യാവകാശ പ്രവർത്തകൻ ജെയ്സൺ സി കൂപ്പറും

രാഷ്ട്രീയക്കാര്‍, മാധ്യമപ്രവർത്തകര്‍, ആക്ടിവിസ്റ്റുകള്‍,വ്യവസായികള്‍ അടക്കമുള്ളവരാണ് പെഗാസാസ് ഉപയോഗിച്ച് നിരീക്ഷിക്കപ്പെട്ടത്. ഇസ്രയേലി കമ്പനിയായ എന്‍എസ്ഒയെ ഇതിനായി നിയോഗിച്ചത് വിവധ രാജ്യങ്ങളിലെ സർക്കാരുകള്‍ തന്നെയാണെന്നാണ് അന്വേഷണം നടത്തിയ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. പെഗാസസ് എന്ന മാല്‍വെയര്‍ ഉപയോഗിച്ച് ഐഫോണ്‍, ആൻഡ്രോയിഡ് ഫോണുകളിലെ  മെസേജ്, ഫോട്ടോ, ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍ എന്നിവ ചോര്‍ത്താനാകും. മൈക്രോഫോണ്‍ രഹസ്യമായി പ്രവര്‍ത്തിപ്പിച്ച് ഫോണ്‍ വിളിക്കാത്തപ്പോള്‍ പോലും സംഭാഷണം ചോര്‍ത്തിയെടുക്കാന‍ും സാധിക്കും. 2016 മുതലുളള എൻഎസ്ഒയുടെ ഉപയോക്താക്കള്‍ക്ക് വേണ്ടി 50,000 ഫോണ്‍ നമ്പറുകളാണ് ഈ രീതിയില്‍ നിരീക്ഷക്കെപ്പെട്ടതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഇന്ത്യയില്‍ നിന്ന് 300 ഫോണുകള്‍ ചോര്‍ത്തലിന് വിധേയമായി. മോദി മന്ത്രിസഭയിലെ രണ്ട് കേന്ദ്രമന്ത്രിമാര്‍, ഭരണഘടന പദവിയിലിരിക്കുന്ന ഒരാള്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, 40 മാധ്യമപ്രവർത്തകര്‍, സുരക്ഷ വിഭാഗത്തിലെ ഇപ്പോഴത്തെ തലവന്‍മാരും വ്യവസായികളും നിരീക്ഷിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഒരു സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നമ്പറും നിരീക്ഷക്കപ്പെട്ടുവെന്നും അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. 

 

Follow Us:
Download App:
  • android
  • ios