വേഷം മാറിയാണ് അക്ബര്‍ മീന ബസാര്‍ സന്ദര്‍ശിച്ചത്.  അവിടെ വച്ചാണ് അക്ബര്‍ ചക്രവര്‍ത്തി രജപുത്ര രാജകുമാരിയായ കിരണ്‍ ദേവിയോട് മോശമായി പെരുമാറിയത്.

ദില്ലി: മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നതായി രാജസ്ഥാനിലെ ബിജെപി നേതാവ് മദന്‍ലാല്‍ സൈനി. ബിക്കാനര്‍ രാജ്ഞിയോട് അപമര്യാദയായി പെരുമാറിയിരുന്ന അക്ബര്‍ ചക്രവര്‍ത്തി സ്ത്രീകളെ ചൂഷണം ചെയ്യാനാണ് മീന ബസാര്‍ സ്ഥാപിച്ചതെന്നും സൈനി ആരോപിച്ചു.

മീന ബസാര്‍ എന്ന പേരില്‍ സ്ത്രീകള്‍ക്കായി ഒരു കമ്പോളം അക്ബര്‍ സ്ഥാപിച്ചിരുന്നു. പുരുഷന്‍മാര്‍ക്ക് കടന്നുചെല്ലാന്‍ അനുവാദമില്ലാതിരുന്ന കമ്പോളത്തില്‍ അക്ബര്‍ മാത്രമാണ് പോയിരുന്നതെന്നും സൈനി പറഞ്ഞു. വേഷം മാറിയാണ് അക്ബര്‍ മീന ബസാര്‍ സന്ദര്‍ശിച്ചത്. അവിടെ വച്ചാണ് അക്ബര്‍ ചക്രവര്‍ത്തി രജപുത്ര രാജകുമാരിയായ കിരണ്‍ ദേവിയോട് മോശമായി പെരുമാറിയത്. അപമാനിക്കാന്‍ ശ്രമിച്ച അക്ബറിന് നേര്‍ക്ക് രാജ്ഞി വാളോങ്ങിയെന്നും മീന ബസാര്‍ വ്യാപാരത്തിന് വേണ്ടിയുള്ളതല്ല ചക്രവര്‍ത്തിമാരുടെ സുഖലോലുപതയ്ക്ക് വേണ്ടിയായിരുന്നെന്നും സൈനി പറ‍ഞ്ഞു. ഹാല്‍ദിഗാട്ടിയിലെ യുദ്ധത്തില്‍ മഹാറാണ പ്രതാപിനോട് പരാജയപ്പെട്ട അക്ബറിനെ മഹാനെന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എബ്രഹാം എറലിയുടെ 'ദ മുഗള്‍ വേള്‍ഡ്; ലൈഫ് ഇന്‍ ഇന്‍ഡ്യാസ് ലാസ്റ്റ് ഗോള്‍ഡന്‍ ഏജ്' എന്ന പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു സൈനിയുടെ പ്രസ്താവന. ഇതിന് മുമ്പും മുഗള്‍ ചക്രവര്‍ത്തിമാരെക്കുറിച്ച് സൈനി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.