ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഘം ലക്ഷങ്ങളുടെ സ്വർണ്ണവും 20 കിലോ വെള്ളിയാഭരണങ്ങളും മോഷ്ടിച്ചത്.
ദില്ലി: ഡെലിവറി ബോയ്സിന്റെ വേഷത്തിലെത്തി ആഭരണശാലയിൽ വൻ കവർച്ച. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഘം ലക്ഷങ്ങളുടെ സ്വർണ്ണവും 20 കിലോ വെള്ളിയാഭരണങ്ങളും മോഷ്ടിച്ചത്. പ്രതികളെ പിടികൂടിയിട്ടില്ല.
6 മിനിറ്റിൽ നടത്തിയ കവർച്ചയാണിത്. ഒറ്റയടിക്ക് കൊള്ളയടിച്ചത് 30 ലക്ഷം രൂപയുടെ ആഭരണങ്ങൾ. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഡെലിവറി ആപ്പുകളായ ബ്ലിങ്കിറ്റിൻ്റെയും സ്വിഗ്ഗിയുടെയും യൂണിഫോം ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേർ കടയിലേക്ക് അതിക്രമിച്ചു കയറി. കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങി ജീവനക്കാരൻ അലമാര തുറന്നു കൊടുത്തു.
ഉടൻ തന്നെ കവർച്ചക്കാർ കൗണ്ടറിലും സെയിഫിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കൈക്കലാക്കി, ശേഷം ബൈക്കിൽ രക്ഷപ്പെട്ടു. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ മോഷ്ടാക്കൾ ജാക്കറ്റും ഹെൽമെറ്റും ധരിച്ചിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 5 സംഘങ്ങളായി തിരിഞ്ഞാണ് യുപി പോലീസിന്റെ അന്വേഷണം. കവർച്ചയിൽ കടയിലെ ജീവനക്കാരന് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.



