വീടിന്റെ പിന്‍വാതില്‍ വഴി മാസ്ക് ധരിച്ചെത്തി, കുളിച്ചിറങ്ങിയപ്പോൾ കണ്ടു, മാസ്ക് വച്ച രൂപം

കോഴിക്കോട്: പെരുവയലില്‍ മോഷ്ടാവ് 62 കാരിയെ ആക്രമിച്ച് രണ്ടുപവന്‍ മല കവര്‍ന്നു. വീടിന്റെ പിന്‍വാതില്‍ വഴി മാസ്ക് ധരിച്ചെത്തിയ മോഷ്ടാവാണ് പെരുവയല്‍ മലപ്രം സ്വദേശി സുജാതയെ ആക്രമിച്ച് മാലയുമായി കടന്നുകളഞ്ഞത്. നാടിനെ ഞെട്ടിച്ച മോഷണം നടക്കുമ്പോള്‍ 62 കാരിയായ സുജാത പെരുവയലിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

മറ്റുള്ളവര്‍ പുറത്തുപോയ തക്കത്തിനാണ് മോഷ്ടാവ് പിന്‍വാതില്‍ വഴി അകത്തു കയറിയത്. കുളിമുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മാസ്ക് ധരിച്ച ഒരാൾ ഷെൽഫ് തുറന്ന് പരിശോധിക്കുന്നത് സുജാതയുടെ ശ്രദ്ധയില്‍പ്പെട്ടു. ബഹളം വെച്ചതോടെ മോഷ്ടാവ് സുജാതയുടെ കഴുത്തിൽ അണിഞ്ഞ സ്വർണ്ണമാലയും കയ്യിലുണ്ടായിരുന്ന സ്വർണ വളയും പിടിച്ച് പൊട്ടിക്കാൻ ശ്രമിച്ചു. 

ഉച്ചത്തിൽ ബഹളം വച്ചതോടെ കയ്യിൽ കിട്ടിയ സ്വർണ്ണമാലയുമായി മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പിടിവലിയിൽ പരിക്കേറ്റ സുജാതയെ ആദ്യം പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും വീട്ടിലെത്തി പരിശോധനകള്‍ നടത്തി. പൊലീസ് നായ മണം പിടിച്ച് ഒരു കിലോമീറ്ററോളം ദൂരം പോയി ആളൊഴിഞ്ഞ പറമ്പില്‍ നിന്നു. സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികായാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം