കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിളിച്ച യോഗത്തിൽ മൂന്ന് സൈനിക മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കുന്നുണ്ട്

ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ക്യാപ്റ്റൻ റാങ്കിലുള്ള സൈനികൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചതായാണ് വിവരം. പ്രദേശത്ത് നാല് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവിടെ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.

ജമ്മുകാശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്താന്‍ ദില്ലിയിൽ ഉന്നത തല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വിളിച്ച യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍,പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍ ലഫ് ജനറല്‍ പ്രതീക് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. കശ്മീരില്‍ ഭീകരാക്രമണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സുരക്ഷ സാഹചര്യവും യോഗം വിലയിരുത്തി. ഈ വര്‍ഷം ജുലൈ 21 വരെ 35 ഏറ്റുമുട്ടലുകളിലായി സൈനികരും, പ്രദേശവാസികളും ഉള്‍പ്പടെ 28 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ആഭ്യന്തരമന്ത്രലായം ലോക് സഭയില്‍ അവതരിപ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്