Asianet News MalayalamAsianet News Malayalam

കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്‍റ്, പ്രഫുൽ പട്ടേലിനും ശിവകുമാറിന്‍റെ അമ്മയ്ക്കും ഭാര്യക്കും നോട്ടീസ്

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ  അമ്മ ​ഗൗരിയമ്മക്കും ഭാര്യ ഉഷക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവരും  ഈ മാസം 17ന് ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം.

enforce directorate sent notice to praful patel for questioning
Author
Delhi, First Published Oct 14, 2019, 3:52 PM IST

ദില്ലി: പ്രതിപക്ഷ നേതാക്കൾക്കെതിരെ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ  അമ്മ ​ഗൗരിയമ്മക്കും ഭാര്യ ഉഷക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവരോടും ഈ മാസം 17ന് ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം.

പ്രഫൂൽ പട്ടേലിന്റെ കുടുംബവും ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ഇക്ബാൽ മേമൻ അഥവ മിർച്ചി എന്നയാളുമായി നടത്തിയ ഭൂമി ഇടപാടിനെകുറിച്ചാണ് ചോദ്യം ചെയ്യൽ. ഇക്ബാൽ മേമന്റെ ഭൂമി പ്രഫൂൽ പട്ടേലിന്റെ കുടുംബം വാങ്ങുകയും അവിടെ കൊമേഴ്സ്യൽ ബിൽഡിം​ഗ് നിർമ്മിക്കുകയും ചെയ്തിരുന്നു. ഈ ഇടപാടിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഇതിനാണ് ഇപ്പോൾ പ്രഫൂൽ പട്ടേലിനോട് ചോദ്യം ചെയ്യാലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാണ് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

കള്ളപ്പണവുമായി ബന്ധപ്പെട്ട്  കോൺ​ഗ്രസ് നേതാവ് ‍ഡികെ ശിവകുമാർ ഇപ്പോഴും എൻഫോഴ്സ്മെ‍ന്റ് കസ്റ്റഡിയിലാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അദ്ദേഹത്തിന്റെ അമ്മക്കും ഭാര്യയ്ക്കും ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ ശിവകുമാറിന്റെ മകളേയും ഇഡി ചോദ്യം ചെയ്തിരുന്നു. അതേസമയം, ഡി കെ ശിവകുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 15 വരെ പ്രത്യേക കോടതി നീട്ടിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സെപ്തംബർ മൂന്നിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 

Read More: ഡി കെ ശിവകുമാറിന് വീണ്ടും തിരിച്ചടി; കസ്റ്റ‍ഡി കാലാവധി 15 വരെ നീട്ടി

ഇതിനിടെ ഐഎൻഎക്സ് മീഡിയ കേസിൽ തിഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ ഹാജരാക്കാൻ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ധനകാര്യമന്ത്രികൂടിയായ ചിദംബരം സെപ്തംബര്‍ 5 മുതല്‍ തിഹാര്‍ ജയിലിലാണ്. ഐഎന്‍എക്സ് മീഡിയാ  കേസില്‍ ഓഗസ്റ്റ് 21നാണ് സി ബി ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 
 

Follow Us:
Download App:
  • android
  • ios