നാല് കമ്പനികളിൽ നിന്നുമായി 46 കോടി രൂപയോളം ഇഡി പിടിച്ചെടുത്തു. ഇതിൽ 33 കോടിയുംപിടിച്ചെടുത്തത് ഈസി ബസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ്.
ദില്ലി: ചൈനീസ് ലോൺ ആപ്പ് കേസിൽ വിവിധ കമ്പനികളുടെ അക്കൗണ്ടിലെ പണം മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റാസോർപേ , പേടിയം, ക്യാഷ് ഫ്രീ, ഈസി ബസ് കമ്പനികൾക്കെതിരെയാണ് നടപടിയെടുത്തത്. നാല് കമ്പനികളിൽ നിന്നുമായി 46 കോടി രൂപയോളം ഇഡി പിടിച്ചെടുത്തു. ഇതിൽ 33 കോടിയും പിടിച്ചെടുത്തത് ഈസി ബസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ്.
അതേസമയം ദിവസങ്ങള്‍ക്ക് മുമ്പാണ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്‍തത്. വീട്ടമ്മയുടെയും പെണ്‍കുട്ടിയുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യ. ഓണ്‍ലൈന്‍ ആപ്പിലൂടെ മുപ്പതിനായിരം രൂപ വായ്പ എടുത്തതിന്‍റെ പേരിലാണ് ദാരുണ സംഭവം നടന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രജാമഹേന്ദ്രവാരം സ്വദേശി കൊല്ലി ദുര്‍ഗ റാവു രണ്ട് ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നായി വായ്പ എടുത്തത്. പെയിന്‍റിങ് തൊഴിലാളിയാണ് ദുര്‍ഗ റാവു. ഭാര്യ രമ്യ ലക്ഷ്മി തയ്യല്‍ തൊഴിലാളിയും. മൂന്ന് മാസങ്ങള്‍ കൊണ്ട് തന്നെ പലിശ പെരുകി ഇരട്ടിയായി.
വായ്പാതിരിച്ചടവ് തുകയും ഇരട്ടിച്ചു. പെയിന്‍റിങ് ജോലിക്ക് ശേഷം ഫുഡ് ഡെലിവറി ജോലിയും ചെയ്ത് വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 15000 ത്തോളം രൂപ മൂന്ന് മാസം കൊണ്ട് തിരിച്ചടച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ചൊവ്വാഴ്ച ദുര്‍ഗറാവുവിന്‍റെ സിമ്മിലെ കോണ്‍ടാക്ട് ലിസിറ്റിലുള്ളവരുടെ വാട്ട്സാപ്പിലേക്ക് ഭാര്യ രമ്യ ലക്ഷ്മിയുടെയും നാല് വയസുള്ള മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എത്തി. പിന്നാലെ ഈ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്രചരിച്ചു. ഇതോടെ വെസ്റ്റ് ഗോദാവരിയിലെ ഒരു ലോഡ‍്ജില്‍ മുറിയെടുത്ത് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു.
