ദില്ലി: എയർസെൽ മാക്സിസ് കേസിൽ മുൻധനമന്ത്രി പി ചിദംബരത്തിന്‍റെ മുൻകൂര്‍ ജാമ്യം ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറ്റേറ്റ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ദില്ലിയിലെ റോസ് അവന്യൂ പ്രത്യേക കോടതിയാണ് ചിദംബരത്തിന് എയർസെൽ മാക്സിസ് കേസിൽ മുൻകൂര്‍ ജാമ്യം നൽകിയത്. ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നുമാണ് എൻഫോഴ്സ്മെന്‍റിന്‍റെ ആവശ്യം. ഇഡിയുടെ ഹര്‍ജി ദില്ലി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും എയർസെൽ മാക്സിസ് കേസിൽ മുൻകൂർ ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടാണ് ദില്ലി റോസ് അവന്യൂ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു കോടതി നടപടി. 

Read More: എയർസെൽ മാക്സിസ് കേസ്: ചിദംബരത്തിനും കാർത്തിക്കും മുൻകൂർ ജാമ്യം

3,500 കോടി രൂപയുടെ വൻ ഇടപാടായിരുന്നു എയർസെൽ - മാക്സിസ് ടെലികോം കമ്പനികളുടെ ലയനം. ഇതിൽ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടെന്നായിരുന്നു കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നൽകാൻ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതിൽക്കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതെന്നായിരുന്നു സിബിഐയുടെ ആരോപണം.